നിഹാരിക കെ എസ്|
Last Modified ബുധന്‍, 6 നവംബര്‍ 2024 (15:50 IST)
മെഗാസ്റ്റാർ മമ്മൂട്ടിയും തലൈവർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മണിരത്നം ചിത്രമാണ് ദളപതി. തമിഴ് സിനിമയുടെ തലവര മാറ്റിയ പടം. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുപാട് ലെജന്റ്സ് അണിനിരന്ന ചിത്രമാണ് ദളപതി. രജനികാന്ത്, മമ്മൂട്ടി, സന്തോഷ് ശിവൻ, ഇളയരാജ, അരവിന്ദ് സ്വാമി, ജയ് ശങ്കർ, ശോഭന, അമരീഷ് പുരി, ശ്രീവിദ്യ, ഗീത, ഭാനുപ്രിയ ഇങ്ങനെ പോകുന്നു ദളപതിയിലെ കാസ്റ്റിങ്. ഇപ്പോഴിതാ, ഹിറ്റ് കോംബോ ആയ മമ്മൂട്ടി-രജനികാന്തിനെ ബിഗ് സ്ക്രീനിൽ ഒരുമിച്ച് കാണാൻ അവസരം.
ദളപതി റീ റിലീസിനൊരുങ്ങുന്നു. രജനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. മണിരത്നം സംവിധാനം ചെയ്ത ദളപതി 34 വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററുകളിൽ വീണ്ടുമെത്തുന്നത്. 2024 ഡിസംബർ 12 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമിച്ചത് ജി വെങ്കിടേശ്വരനായിരുന്നു. ഹിന്ദു പുരാണമായ മഹാഭാരതത്തിൽ നിന്ന് കർണന്റെ ജീവിതം അടിസ്ഥാനമാക്കിയായിരുന്നു ദളപതിയെന്ന ചിത്രം ഒരുക്കിയത്. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.
നേരത്തെ മമ്മൂട്ടി നായകനായ പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ റീ റിലീസ് ചെയ്തിരുന്നു. എന്നാൽ പ്രതീഷിച്ചത് പോലുള്ള ഒരു വിജയം ചിത്രത്തിന്റെ രണ്ടാം വരവിൽ ലഭിച്ചിരുന്നില്ല. പിന്നാലെ മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥയും റീ റിലീസിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് വന്നു.