ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2019 (11:07 IST)
കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം. പക്ഷേ
ബിലാൽ പഴയ ബിലാൽ തന്നെയാ... ഈ ഡയലോഗ് തീയേറ്ററുകളിൽ പൂരപ്പറമ്പാക്കിയിരുന്നു. ആരും മറന്നു കാണില്ല ഈ ഡയലോഗ്. ബിലാൽ ജോൺ കുരിശിങ്കലിന്റെ മുഴക്കമുള്ള ശബ്ദം. മമ്മൂട്ടി ആരാധകരെ ഏറെ ത്രസിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കലിന്റെ ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടൻ വരും.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കും. 2020 പകുതിയോടെ
സിനിമ റിലീസാകുമെന്നും സൂചനയുണ്ട്. മമ്മൂട്ടിയോടൊപ്പം ഫഹദ് ഫാസിൽ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഫഹദും അമൽ നീരദും ചേർന്നാണ് ചിത്രം നിർമ്മിക്കുകയെന്നും സ്ഥിരീകരിക്കാനാവാത്ത ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പഴകി തേഞ്ഞ അഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രന്‍റ് സെറ്റര്‍ ആണ് അമല്‍ നീരദ് ബിഗ് ബിയിലൂടെ ഒരുക്കിയത്. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസര്‍ത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം ബിഗ് ബി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് ഉണ്ടാക്കിയത്.
ഓരോ ഫ്രയിമിലും പ്രേക്ഷകരെ എന്‍റര്‍ടൈന്‍ ചെയ്യിക്കാനുള്ള അച്ചടക്കത്തോടെയുള്ള സംവിധായന്‍റെ ശ്രമം വിജയമായിരുന്നു. അമല്‍ നീരദിന്‍റെ നായകന്‍ ബിലാല്‍ എന്ന ബിഗ് ബിയില്‍ മമ്മൂട്ടി എന്ന ക്രൗഡ് പുള്ളറിന്‍റെ അതിമാനുഷിക സ്വഭാവം അവശേഷിക്കുന്നുണ്ട്. പകരത്തിന് പകരം ചോദിക്കാനുളള മുന്‍പിന്‍ നോക്കാതെയുള്ള ഇറങ്ങി പുറപ്പെടലുകളില്‍ കുടുംബത്തിന്‍റെ പിന്‍വിളികളും നിശബ്ദമായ ഒരു പ്രണയത്തിന്‍റെ ദാരുണ അന്ത്യവും കൃതഹസ്തരനായ സംവിധായകന്‍റെ വിരല്‍പാടുകളായിരുന്നു. അതാണ് ബിഗ്ബി.
വില്ലനെ കായികമായി നേരിടുന്നതിനൊപ്പം വാചകമടിച്ചും തോല്‍പിച്ചുകൊണ്ടാണ് ഈ ഗണത്തില്‍ പെട്ട പ്രതികാര ചിത്രങ്ങള്‍ ഇന്നോളം അവസാനിച്ചിട്ടുള്ളത്. ബിഗ് ബിക്ക് വാചകമടി കുറവാണ് പ്രവൃത്തി മാത്രമേയുള്ളു. ശരീരഭാഷയിലും വാചികാഭിനയത്തിലും സ്ഥിരം അതിമാനുഷ മമ്മൂട്ടി വേഷങ്ങളെ സംവിധായകന്‍ ഉടച്ച് വാര്‍ക്കുകയാണ് ചെയ്തത്.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ. കൊച്ചിയിലെ ബിലാലിന്റെ ജീവിതമാണ് ബിലാൽ പറയുകയെന്നാണ് സൂചന. ബിലാലിനായി കാത്തിരിക്കുന്ന ആരാധകർ മാത്രമല്ല, മലയാള സിനിമ കൂടെയാണ്. 2007 ഏപ്രിൽ 14നാണ് ബിഗ് ബി റിലീസ് ആയത്.
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനില്‍ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.