ചിപ്പി പീലിപ്പോസ്|
Last Modified ബുധന്, 27 നവംബര് 2019 (14:13 IST)
മലയാളത്തിന്റെ അഭിമാനങ്ങളാണ് മമ്മൂട്ടി എം ടി വാസുദേവൻ നായരും. ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന വാർത്ത വരുമ്പോൾ തന്നെ പ്രേക്ഷകർ ആവേശഭരിതരാകും. അവർ ഒരുമിച്ചപ്പോൾ ലഭിച്ച ചിത്രങ്ങളുടെ ക്വാളിറ്റി തന്നെയാണ് അതിന്റെ കാരണം. ഒരു വടക്കൻ വീരഗാഥയും പഴശിരാജയും അടിയൊഴുക്കുകളും അൾക്കൂട്ടത്തിൽ തനിയേയും എല്ലാം അക്കൂട്ടത്തിൽ ചിലത് മാത്രം. ഒരിക്കൽ പോലും ആ ചേർച്ചയ്ക്ക് ഒരു വിള്ളലുണ്ടായില്ല. അത്രമേൽ പൂർണം എന്നുപറയാവുന്ന ഒരു കൂടിച്ചേരലായിരുന്നു അത്.
മമ്മൂട്ടി ഒരു കാര്യം ചെയ്താൽ അത് ആദ്യമായി ചെയ്യുന്നതാണെന്ന് തോന്നുകയേ ഇല്ലെന്ന് എം ടി പറയുന്നു.
വീരഗാഥയിലെ കളാരി അഭ്യാസവും പഴശിരാജയിലെ കുതിരയോട്ടവും അതിനുദാഹരണമാണ്. ഒരിക്കൽ എം ടി തന്നെ ഇക്കാര്യം പറയുകയുണ്ടായി. 'കുറച്ചു സമയമേ കളരി അഭ്യാസം മമ്മൂട്ടി പ്രാക്ടീസ് ചെയ്തിരുന്നുള്ളൂ. എന്നാലും എത്രയോ കാലം പരിശീലനം നടത്തിയ ഒരാളുടെ അനായാസ ചാതുര്യത്തോടുകൂടിയാണ് മമ്മൂട്ടി അത് ചെയ്തത്. അതിനാണ് കഠിനാധ്വാനമെന്ന് പറയുന്നത്.’- എം ടി പറയുന്നു.
‘മമ്മൂട്ടിയുടെ അല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. തിയേറ്ററിൽ അദ്ദേഹത്തിന്റെ തല കണ്ടാൽ ആളുകൾ കൂവി വിളിച്ചിരുന്ന സമയം. എന്നാൽ, അന്ന് പോലും അദ്ദേഹം തകർന്നില്ല, മനസ് ഇടറിയില്ല. ആത്മസംയമനത്തോടെ നേരിട്ടു. മമ്മൂട്ടിയുടെ വിജയത്തിന്റെ അടിസ്ഥാനം എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ അദ്ധ്വാനം എന്നുതന്നെ പറയാം. ആത്മവിശ്വാസം, പിന്നെ ആത്മ സമർപ്പണം. അധ്വാനിക്കുക, അദ്ധ്വാനം ഒരു ചെറിയ കാര്യമല്ലെന്നും‘ എം ടി പറയുന്നു.
‘അതിൽ ഒരു മുൻധാരണയോ നിയമമോ ഇല്ല. കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ചലനവും ശബ്ദവും കൊടുത്തുകൊണ്ടുള്ള ഒരു ടോട്ടൽ ആക്റ്റിംഗാണ് മമ്മൂട്ടിയുടേത്. സമഗ്രമായ അഭിനയം. ഒരു നടൻ മുഖം കൊണ്ട് മാത്രമല്ല ശരീരം കൊണ്ട് കൂടിയാണ് അഭിനയിക്കുന്നത്. അതുപോലെ തന്നെയാണ് ശബ്ദവും. നിരവധി സ്ലാങ്ങിൽ മമ്മൂട്ടി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഏതു പ്രദേശത്തിന്റെ പ്രത്യേക ശൈലിയും അതു പോലെ പഠിച്ചിട്ട് സംസാരിക്കാനാവും. ശരിക്ക് പഠിച്ചിട്ടാണല്ലോ തമിഴിലുമൊക്കെ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ കഴിയുന്നത്.’ - എം ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിങ്ങനെ.