കാര്യങ്ങള്‍ മാറിമറിഞ്ഞു, സിബിഐ തുടങ്ങുന്നു; കെ മധുവും എസ് എന്‍ സ്വാമിയും മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി - വീഡിയോ കാണാം
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 29 നവംബര്‍ 2019 (19:53 IST)
സേതുരാമയ്യര്‍ വീണ്ടും അവതരിക്കാന്‍ പോകുന്നു. അതും എത്രയും പെട്ടെന്നുതന്നെ. സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും മമ്മൂട്ടിയുമായി അടിയന്തിര ചര്‍ച്ച നടത്തി. ‘വണ്‍’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച.
സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗം ഉടന്‍ തന്നെ ആരംഭിക്കാമെന്ന നിലപാടിലാണ് മമ്മൂട്ടി. അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രീകരണം തുടങ്ങിയേക്കും. സി ബി ഐയും സത്യന്‍ അന്തിക്കാടിന്‍റെ സിനിമയും ഒരേ സമയം തന്നെ ചിത്രീകരിക്കുന്നതില്‍ കുഴപ്പമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നാണ് സൂചന.
തിരുവനന്തപുരത്ത് ‘വണ്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെയും രഞ്ജിത്തിന്‍റെ(സംവിധായകന്‍)യും കോമ്പിനേഷന്‍ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത് ഈ ചിത്രത്തില്‍ ഒരു അഭിഭാഷകന്‍റെ റോളിലാണ് എത്തുന്നത്.
ലൊക്കേഷനിലെത്തിയ എസ് എന്‍ സ്വാമിയും കെ മധുവും മമ്മൂട്ടിയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. സി ബി ഐയുടെ ക്ലൈമാക്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് മനസിലാകുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്ന പുതിയ കൊലപാതക രീതിയാണ് സ്വാമി സി ബി ഐയുടെ പുതിയ പതിപ്പില്‍ പരീക്ഷിക്കുന്നത്. അതിന്‍റെ വിവിധ വശങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മാമാങ്കം ഈ മാസം 12ന് റിലീസാകുകയാണ്. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംവിധായകന്‍ എം പത്മകുമാറും നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും വണ്ണിന്‍റെ ലൊക്കേഷനില്‍ എത്തിയിരുന്നു.