‘പറയുന്നതില്‍ സങ്കടമുണ്ട്, നിങ്ങള്‍ ഉടന്‍ തന്നെ ഫീല്‍ഡ് ഔട്ടാകും’; ഇന്നസെന്റിന്റെ വാക്കുകളില്‍ പകച്ച് മോഹന്‍ലാല്‍ !

മോഹന്‍ലാലിനെ ഞെട്ടിച്ച ഇന്നസെന്റിന്റെ പ്രതികരണം

Mohanlal, Innocent, Cinema, മോഹന്‍ലാല്‍, ഇന്നസെന്റ്, സിനിമ
സജിത്ത്| Last Modified വ്യാഴം, 15 ജൂണ്‍ 2017 (14:53 IST)
ഷൂട്ടിങ് സെറ്റിലേക്ക് നായകന്മാര്‍ എത്തുമ്പോഴേക്കും ആരാധകര്‍ ഓടി കൂടുന്നത് ഒരു പതിവു കാഴ്ച്ചയാണ്. മോഹന്‍ലാലോ മമ്മൂട്ടിയോ ആണ് അത്തരത്തില്‍ എത്തുന്നതെങ്കില്‍ പിന്നെ മറ്റ് താരങ്ങളെ ആരാധകര്‍
ഗൗനിച്ചെന്നുപോലും വരില്ല. താരരാജാക്കന്മാരുടെ പ്രഭയില്‍ പലപ്പോഴും മുങ്ങി പോകനായിരിക്കും മറ്റുള്ള താരങ്ങളുടെ വിധി. അത്തരത്തിലുള്ള ഒരു അനുഭവം എം.പി കൂടിയായ ഇന്നസെന്റിനുമുണ്ടായി.

പാലക്കാടാണ് ഷൂട്ട് നടക്കുന്നത്. ഇന്നസെന്റായിരുന്നു ആ ലൊക്കേഷനില്‍ ആദ്യം എത്തിയത്. ഒരുപാടുപേര്‍ ഷൂട്ടിങ്ങ് കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തിയതോടെ ആരാധകര്‍ ഫോട്ടോയെടുക്കുന്നതിനും മറ്റുമായി അദ്ദേഹത്തിന്റെയടുത്തേക്ക് ഓടിയെടുത്തു. ഇതോടെ അതുവരെ ഒപ്പമുണ്ടായിരുന്ന ഇന്നസെന്റിനെ ആര്‍ക്കും വേണ്ടാതാകുകയും ചെയ്തു.

തിരക്കെല്ലാം കഴിഞ്ഞ ശേഷം ലാല്‍ അടുത്തുവന്ന് ഇന്നസെന്റിനോട് ചോദിച്ചു, നിങ്ങള്‍ ദുഃഖിതനാണല്ലെയെന്ന്. എന്നാല്‍ എന്തിനു ദുഃഖിക്കണമെന്ന മറുചോദ്യമാണ് ഇന്നസെന്റ് ചോദിച്ചത്. കുട്ടികളെല്ലാം നിങ്ങളെ ഒഴിവാക്കി എന്റെ അടുത്തുവന്നതില്‍ എന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു. ഇതിനു മറുപടിയായി, താന്‍ അതീവ ദുഃഖിതനാണെന്ന മറുപടിയാണ് ഇന്നസെന്റ് നല്‍കിയത്.

എന്നാല്‍ താന്‍ ഒരു തമാശ പറഞ്ഞതാണെന്നും ഇന്നച്ചന്‍ അതു കാര്യമാക്കരുതെന്നും മോഹന്‍ലാല്‍ അദ്ദേഹത്തോടെ പറഞ്ഞു. എന്നാല്‍ തനിക്ക് അതീവ ദുഃഖമുണ്ടെന്ന കാര്യം ഇന്നസെന്റു ആവര്‍ത്തിച്ചു. എന്താണ് കാര്യമെന്ന് വീണ്ടും വീണ്ടും തിരക്കിയ മോഹന്‍ലാലിനോട് ഇന്നസെന്റ് പറഞ്ഞു. ‘നിങ്ങള്‍ ഉടന്‍ തന്നെ ഫീല്‍ഡ് ഔട്ടാകും അതുകൊണ്ട് എത്രയും പെട്ടെന്ന് ഫോട്ടോ എടുക്കാനുള്ള ആവേശമാണ് അവര്‍ കാട്ടിയത്, പക്ഷേ എന്റെ കാര്യം അങ്ങനെയല്ലല്ലോ, ഞാന്‍ ഇവിടെ എന്നും ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാം’. ഇതു കേട്ട് മോഹന്‍ലാലും ഷൂട്ടിങ്ങ് സെറ്റിലുള്ളവരും പൊട്ടിച്ചിരിച്ചുവെന്നാണ് കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :