വിജയുടെ മുന്‍ മെഗാഹിറ്റ് സിനിമയായ ‘തുപ്പാക്കി’യുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ‘ജില്ല’ കുതിക്കുന്നു. ലോകമെമ്പാടുനിന്നും ഗംഭീര റിപ്പോര്‍ട്ടാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. അതിനിടെ ജില്ലയുടെ തകര്‍പ്പന്‍ വിജയത്തോട് അനുബന്ധിച്ച് വിജയും സിനിമയുടെ അണിയറപ്രവര്‍ത്തകരും ചെന്നൈയില്‍ സക്സസ് മീറ്റ് നടത്തി.
ജില്ലയുടെ അണിയറ പ്രവര്‍ത്തകരും വിതരണക്കാരും ചടങ്ങില്‍ പങ്കെടുത്തു. അടുത്ത കാലത്ത് തമിഴ് സിനിമയില്‍ ഉണ്ടായ ഏറ്റവും വലിയ വിജയമായി ജില്ല മാറിയിരിക്കുകയാണെന്ന് വിതരണക്കാര്‍ അറിയിച്ചു. “ജില്ലയുടെ ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ തുപ്പാക്കി, നന്പന് എന്നീ സിനിമകളെക്കാള്‍ ഒരുപാട് കൂടുതലാണ്. ഈ സിനിമയുടെ തകര്‍പ്പന്‍ വിജയത്തില്‍ തമിഴ് സിനിമാ വ്യവസായമാകെ ആവേശത്തിലാണ്” - ഒരു വിതരണക്കാരന് അറിയിച്ചു.
ആദ്യ മൂന്ന് ദിവസം കൊണ്ട് ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം ഒന്നരക്കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ആദ്യദിനത്തിലെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു ഗാനരംഗം വെട്ടിക്കുറച്ച് സിനിമയുടെ ദൈര്‍ഘ്യം പത്തുമിനിറ്റ് കുറച്ചിരുന്നു.
“ചിത്രം കൂടുതല്‍ ഫാസ്റ്റ് ആക്കാനായി ഞങ്ങള്‍ ഒരു ഗാനരംഗം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫാന്‍സ് ആവശ്യപ്പെടുന്നു ‘എപ്പ മാമാ ട്രീറ്റ്’ എന്ന ആ ഗാനരംഗം വീണ്ടും ഉള്‍പ്പെടുത്തണമെന്ന്” - നിര്‍മ്മാതാവ് ആര് ബി ചൌധരി പറഞ്ഞു.