ഹിമേഷ് പോരെന്ന് ശ്വേത

IFM
കര്‍സ് എന്ന ബോളിവുഡ് ചിത്രം ഉടന്‍ പുറത്തിറങ്ങാനിരിക്കെ നായകന്‍ ഹിമേഷ് അത്ര പോരെന്ന് പുതുമുഖ നടി ശ്വേത കുമാര്‍ അഭിപ്രായപ്പെട്ടത് നിര്‍മ്മാതാക്കളെ ധര്‍മ്മസങ്കടത്തിലാക്കുന്നു. ചിത്രം ഒക്ടോബര്‍ പതിനേഴിന് പുറത്തിറങ്ങാനിരിക്കെയാണ് ശ്വേത തന്‍റെ അഭിപ്രായം തുറന്നടിച്ചത്.

കര്‍സ് ശ്വേതയുടെ ആദ്യ ചിത്രമാണെങ്കിലും മനസ്സില്‍ തോന്നിയത് വിളിച്ചു പറയാന്‍ ഈ സുന്ദരിക്ക് ഒട്ടും മടിയില്ല. ഹിമേഷിനെക്കാള്‍ രണ്‍ബീറിനായിരുന്നു മോണ്ടിയുടെ വേഷം യോജിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് ശ്വേത പറഞ്ഞത്.

1980 ലെ കര്‍സില്‍ ഋഷി കപൂറായിരുന്നു മോണ്ടിയെ അവതരിപ്പിച്ചത്. എന്തായാലും ഹിമേഷ് രേശാമിയയ്ക്ക് ശ്വേതയുടെ കമന്‍റ് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്, ഒപ്പം പുതിയ കര്‍സിനും.

ശ്വേതയുടെ അഭിപ്രായത്തിന് ഹിമേഷും എതിരല്ല എന്നതാണ് ദു:ഖകരമായ സത്യം. ശ്വേതയുടെ അഭിപ്രായത്തെ കുറിച്ച് കേട്ടു എന്നും രണ്‍ബീര്‍ മോണ്ടിയെ അവതരിപ്പിച്ചിരുന്നു എങ്കില്‍ ചിത്രം ബോക്സോഫീസ് വിജയമായിരിക്കുമെന്ന് ഉറപ്പായിരുന്നു എന്നും മാത്രമാണ് പാവം ഹിമേഷ് പ്രതികരിച്ചത്.

എന്നാല്‍ ചിത്രത്തില്‍ കാമിനിയുടെ വേഷത്തിലെത്തുന്ന ഊര്‍മ്മിളയ്ക്ക് ഹിമേഷിനെ തള്ളിപ്പറയാനാവില്ല. ഹിമേഷാണ് ‘പെര്‍ഫെക്ട്’ മോണ്ടി എന്നാണ് ഊര്‍മ്മിയുടെ അഭിപ്രായം. ഈ അഭിപ്രായം കേട്ട് ഹിമേഷ് എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം രേഖപ്പെടുത്തുകയും ചെയ്തു!

എന്തായാലും ശ്വേതയോ ഊര്‍മ്മിയോ ആരുപറഞ്ഞതാണ് ശരിയെന്ന് അറിയാന്‍ കര്‍സ് പുറത്തിറങ്ങുംവരെയുള്ള സമയം മാത്രം!
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :