സിനിമയിലെ ശ്രീരാമന്‍‌മാര്‍

PROPRO
കോളിവുഡിലും ബോളിവുഡിലും നല്ല കഥകള്‍ക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആരുടെയെങ്കിലും കയ്യില്‍ കഥയുണ്ടെന്നറിഞ്ഞാല്‍ അവരെ വലവീശിപ്പിടിക്കാനായി നിര്‍മ്മാതാക്കളും സംവിധായകരും രംഗത്തിറങ്ങിയിരിക്കുകയാണ്. കഥകള്‍ക്കും നല്ല തിരക്കഥാകാരന്‍‌മാര്‍ക്കും ക്ഷാമമുണ്ടായതോടെ പുരാണങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് സിനിമക്കാര്‍. അക്ബറും അശോകയും ഗാന്ധിയും മഹാഭാരതവും രാമായണവുമൊക്കെയാണ് ഇപ്പോള്‍ സിനിമാവിദഗ്ധര്‍ അരിച്ചുപെറുക്കുന്നത്.

രാമായണത്തിലെ കഥകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. രാമായണകഥയെ ആധുനികവത്കരിച്ച് സാക്ഷാല്‍ മണിരത്നം സിനിമയൊരുക്കുന്നു. ഹിന്ദിയില്‍ ‘രാവണ’യെന്നും തമിഴില്‍ ‘അശോകവന’മെന്നുമാണ് ചിത്രത്തിന് പേര്. രാവണയില്‍ രാമനായി അഭിഷേക് ബച്ചന്‍ അഭിനയിക്കുമ്പോള്‍ അശോകവനത്തിലെ രാമന്‍ വിക്രമാണ്.

എന്നാല്‍ ഇപ്പോള്‍ പുതിയൊരു വാര്‍ത്ത, തമിഴ് നടന്‍ വിശാല്‍ ശ്രീരാമന്‍റെ വേഷത്തില്‍ അഭിനയിക്കുന്നു എന്നാണ്. ‘തോരണൈ’ എന്ന ആക്ഷന്‍ ചിത്രത്തിലാണ് വിശാല്‍ രാമനായി പ്രത്യക്ഷപ്പെടുന്നത്. അമ്പും വില്ലും ധരിച്ച് കിരീടമണിഞ്ഞ് ശരീരമാസകലം നീലനിറം പൂശി ആടയാഭരണങ്ങളും ശ്രീരാമന്‍റെ സര്‍വപകിട്ടോടും കൂടിയാണ് വിശാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ഈ സിനിമയിലെ ചില കോമഡി രംഗങ്ങളിലാണ് വിശാലിന്‍റെ ശ്രീരാമ വേഷം എന്ന പ്രത്യേകതയുണ്ട്. വിശാലിനൊപ്പം ഹനുമാനായി ഹാസ്യതാരം സന്താനം അഭിനയിക്കുന്നു. ശ്രേയയാണ് ഈ ചിത്രത്തിലെ നായിക. നവാഗതനായ സഭാ അയ്യപ്പനാണ് തോരണൈയുടെ സംവിധായകന്‍.

ബോളിവുഡിലെ കിംഗ് ഖാനും രാമായണത്തിന് പിന്നാലെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘രാ.1’ എന്നാണ് ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് പേര്. ഇംഗ്ലീഷില്‍ വായിച്ചാല്‍ ‘രാവണ്‍’ എന്നു തന്നെ. എന്നാല്‍ കഥയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

WEBDUNIA|
വാല്‍ക്കഷണം: പണ്ട് മലയാളത്തില്‍ സംവിധായകന്‍ വിനയന്‍ ‘രാക്ഷസരാമന്‍’ എന്നൊരു ചിത്രത്തിന് പേരിട്ടു. ചില ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ചിത്രത്തിന്‍റെ പേര് ‘രാക്ഷസരാജാവ്’ എന്ന് മാറ്റേണ്ടി വരികയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :