സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം നൂറ്റാണ്ടിന്റെ പ്രഭാഷണമെന്ന് മോഹന്‍ലാല്‍

WEBDUNIA|
PRO
PRO
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗം നൂറ്റാണ്ടിന്റെ പ്രസംഗമെന്ന് മോഹന്‍ലാല്‍. സച്ചിന്റെ പ്രസംഗത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തന്റെ ബ്ലോഗില്‍ ലാല്‍ കുറിക്കുന്നു. യുവജനതയ്ക്ക് പഠിക്കാനുണ്ട്, സമര്‍പ്പണം എന്നത് എന്താണ് എന്ന്. പ്രതിഭകള്‍ക്ക് പഠിക്കാനുണ്ട്, പ്രതിഭ എന്നത് നിരന്തരം തേച്ചുമിനുക്കി ഏകാഗ്രമായി കാത്ത് സൂക്ഷിക്കേണ്ടതാണ് എന്ന്. അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് പഠിക്കാനുണ്ട്, അമ്മയുടെ അനുഗ്രഹമില്ലാതെ ഒരു വിജയവുമില്ല എന്ന്. എല്ലാവര്‍ക്കും പഠിക്കാനുണ്ട്, വന്നവഴികള്‍ മറക്കാന്‍ പാടില്ല എന്നത്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തെ നൂറ്റാണ്ടിന്റെ പ്രഭാഷണങ്ങളിലൊന്നായി കണക്കാക്കുന്നതായും ലാല്‍ പറയുന്നു.

സച്ചിനെപ്പോലെ ലോകം ഉറ്റുനോക്കുന്ന ഒരാള്‍ ഇത്ര ഏകാഗ്രമായി എങ്ങനെ ജോലി ചെയ്യുമെന്ന ആശ്ചര്യവും ലാല്‍ വ്യക്തമാക്കുന്നു. സച്ചിന്റെ പ്രസംഗം തീര്‍ച്ചയായും നമ്മുടെ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ സ്വീകരിക്കരുതെന്ന് ഉപദേശിച്ച പിതാവിന്റെ വാക്കുകളെ പിന്തുടര്‍ന്ന സച്ചിന്റെ ജീവിതം തീര്‍ച്ചയായും വരുംതലമുറയ്ക്ക് വെളിച്ചം നല്‍കുന്നവയാണെന്നും ലാല്‍ പറയുന്നു.

“ഏത് കാര്യത്തിനും ആരംഭം പോലെ പ്രധാനമാണ് അവസാനവും. എവിടെ തുടങ്ങുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എവിടെ അവസാനിപ്പിക്കുന്നു എന്നതും. തുടങ്ങിയതിനേക്കാള്‍ മനോഹരമായി സച്ചിന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്നതുപോലെ, മധുരമായ ഒരു പാട്ട് പാടി തീര്‍ന്നത് പോലെ” - ലാല്‍ തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :