ഷാജി കൈലാസിന് നിര്‍മ്മാതാക്കളുടെ മുന്നറിയിപ്പ്

WEBDUNIA|
PRO
സംവിധായകന്‍ ഷാജി കൈലാസിന് ഇത് അത്ര നല്ല സമയമല്ല. തിരക്കഥാകൃത്തുക്കളില്ലാത്തതിനാല്‍ സ്വയം തിരക്കഥ രചിക്കാമെന്ന് കണക്കുകൂട്ടി കമ്മീഷണര്‍ - 3 തുടങ്ങി. ചിത്രത്തിന്‍റെ തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോഴിതാ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കമ്മീഷണര്‍ - 3 ആരംഭിക്കാന്‍ സമ്മതിക്കൂ എന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ മുന്നറിയിപ്പ്.

ഒരു വര്‍ഷം മുമ്പാണ് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് രഘുപതി രാഘവ രാജാറാം തുടങ്ങിയത്. “നിര്‍മ്മാതാവ്‌ പണം കൊണ്ടുവരട്ടെ. അപ്പോള്‍ ചിത്രം പൂര്‍ത്തിയാക്കിക്കൊടുക്കാം” - എന്നാണ് ഷാജി കൈലാസ് ഇപ്പോള്‍ പറയുന്നത്. ഈ സിനിമയുടെ ജോലികള്‍ തീര്‍ത്തതിന് ശേഷമേ കമ്മീഷണറുടെ മൂന്നാം ഭാഗമായ ‘പൊലീസ് കമ്മീഷണര്‍’ ചിത്രീകരണം ആരംഭിക്കാവൂ എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഷാജിക്ക് നിര്‍ദ്ദേശം നല്‍കി.

എ കെ സാജന്‍റെ തിരക്കഥയിലായിരുന്നു ഷാജി കൈലാസ് ‘രഘുപതി രാഘവ രാജാറാം’ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. പൃഥ്വി മൂന്നു വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം. ഒരു ഷെഡ്യൂള്‍ ഷൂട്ടിംഗും കഴിഞ്ഞു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റുമായി എം മണി എന്ന നിര്‍മ്മാതാവെത്തിയത്. ഷാജി ഉടന്‍ ചിത്രം ചെയ്തു കൊടുക്കണം. സാജന്‍ തന്നെ എഴുതിയാല്‍ മതി. ‘രഘുപതി രാഘവ’ എഴുതുമ്പോള്‍ തന്നെ സാജന്‍ ഇടതുകൈ കൊണ്ട് മമ്മൂട്ടിക്കുവേണ്ടി ഒരു തിരക്കഥ തട്ടിക്കൂട്ടി - ദ്രോണ 2010. മമ്മൂട്ടിയുടെ ഡേറ്റ് വെറുതെ കളയാന്‍ പറ്റില്ലല്ലോ.

‘ഈ പടം ചെയ്തിട്ട് ഇപ്പോള്‍ വരാം’ എന്ന് രഘുപതിരാഘവയുടെ നിര്‍മ്മാതാവിനോടും പൃഥ്വിരാജിനോടും പറഞ്ഞിട്ട് ഷാജി കൈലാസ് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ പോയി. അതുവരെ 85 ലക്ഷം രൂപ ചിത്രീകരണത്തിനായി മുടക്കിയിരുന്ന നിര്‍മ്മാതാവ് ഷാജിയുടെ വരവും കാത്തുകാത്തങ്ങനെ ഇരുന്നു. 35 ദിവസം കൊണ്ട് ദ്രോണ അടിച്ചുകൂട്ടി തിയേറ്ററിലെത്തിച്ചു ഷാജി കൈലാസ്. പോയപോലെ തന്നെ ദ്രോണ മടങ്ങി. എട്ടുനിലയില്‍ പൊട്ടിയ ആ സിനിമ കോടികളുടെ നഷ്ടമാണ് എം മണിക്ക് വരുത്തിവച്ചത്. ഇതോടെ ഷാജി കൈലാസിന് തിരിച്ചറിവുണ്ടായി. ഇങ്ങനെയൊന്നും പോയാല്‍ പോരാ. തിരക്കഥ നന്നല്ലെങ്കില്‍ ആരു ഡയറക്‍ട് ചെയ്താലും പടം വീണതു തന്നെ.

‘രഘുപതി രാഘവ’യുടെ ഇനി ചിത്രീകരിക്കാനുള്ള ഭാഗങ്ങളെപ്പറ്റിയോര്‍ത്തപ്പോള്‍ ഷാജിക്ക് തല കറങ്ങി. ഈ തിരക്കഥ വച്ച് അത് ചിത്രീകരിച്ചാല്‍ ദ്രോണയുടെ ഗതി ആവര്‍ത്തിക്കും. അതിനാല്‍ പടം ഉപേക്ഷിക്കാന്‍ ഷാജി കൈലാസ് തീരുമാനിച്ചു. പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് നിര്‍മ്മാതാവിനെ അറിയിച്ചു. അപ്പോള്‍ ഇതിനു വേണ്ടി ഇതുവരെ മുടക്കിയ 85 ലക്ഷമോ?

മൂന്നരക്കോടി രൂപയായിരുന്നു ‘രഘുപതി രാഘവ’യ്ക്ക് നിശ്ചയിച്ചിരുന്ന ബജറ്റ്. 85 ലക്ഷം മുടക്കിക്കഴിഞ്ഞു. ഒന്നുകില്‍ രഘുപതി രാഘവ തീര്‍ത്തു തരിക. അല്ലെങ്കില്‍ 85 ലക്ഷത്തിന്‍റെ ബാലന്‍സ് തുക വച്ച്, അതായത് രണ്ടുകോടി അറുപത്തഞ്ചു ലക്ഷം രൂപയില്‍ മറ്റൊരു ചിത്രം ചെയ്തു തരിക. ഇതുരണ്ടിനും കഴിഞ്ഞില്ലെങ്കില്‍ മുടക്കിയ 85 ലക്ഷം തിരികെ തരിക.

നിര്‍മ്മാതാവ് തമാശ പറയുകയാണെന്നാണ് ആദ്യം ഷാജി കൈലാസ് കരുതിയത്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതിയുമായി നിര്‍മ്മാതാവ് എത്തിയപ്പോഴാണ് ഷാജിക്ക് സംഭവത്തിന്‍റെ ഗൌരവം പിടികിട്ടിയത്. എന്തായാലും ഇപ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ശക്തമായി ഇടപെട്ടിരിക്കുകയാണ്. ‘രഘുപതി രാഘവ’യോ പൊലീസ് കമ്മീഷണറോ ഷാജി കൈലാസ് ആദ്യം ചെയ്യുകയെന്ന് കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :