ശ്രീയാ സരണ്‍ തമിഴകത്തെ മുന്‍നിര നായികയായി ഉയര്‍ന്നത് വളരെ പെട്ടെന്നാണ്. രജനീകാന്തിന്റെ നായികയായി ശിവാജിയില്‍ പ്രത്യക്ഷപ്പെട്ടതോടെ ശ്രീയയുടെ താരമൂല്യവും പ്രതിഫലവും ഉയര്‍ന്നു. എന്നാല്‍ അഴകിയ തമിഴ്മകന്‍, കന്തസാമി, ജഗ്ഗുഭായ് തുടങ്ങിയ സിനിമകളുടെ പരാജയം ശ്രീയയുടെ മുന്നേറ്റത്തിന് തടയിട്ടു. എങ്കിലും സൂപ്പര്‍സ്റ്റാറുകള്‍ക്ക് നായികമാരെ കണ്ടെത്തുമ്പോള്‍ ശ്രീയാ സരണ്‍ ഇപ്പോഴും നിര്‍മ്മാതാക്കളുടെ പരിഗണനയിലുണ്ട്.
തമിഴിലെ യുവ സൂപ്പര്‍താരം കാര്‍ത്തിയുടെ ‘ശകുനി’ എന്ന പുതിയ ചിത്രത്തില്‍ നായിക ശ്രീയയാണെന്ന് ഒരു വാര്‍ത്ത വന്നത് കുറച്ചുദിവസം മുമ്പാണ്. 2ജി സ്പെക്ട്രം കേസും നൂലാമാലകളുമാണ് ശകുനിയുടെ പ്രമേയം. എന്നാല്‍ ശ്രീയയെ നായികയാക്കാന്‍ ആലോചിക്കുന്നില്ലെന്നും പുതുമുഖത്തെയാണ് ചിന്തിക്കുന്നതെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പറയുന്നത്. കാര്‍ത്തിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ‘ശകുനി’യിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ശ്രീയയും വ്യക്തമാക്കുന്നു.
പുതിയ വാര്‍ത്ത, കമലഹാസന് സംവിധാനം ചെയ്ത് നായകനാകുന്ന ‘വിശ്വരൂപം’ എന്ന ചിത്രത്തില്‍ രണ്ടാം നായികയായി ശ്രീയയെ തീരുമാനിച്ചിരിക്കുന്നു എന്നാണ്. സോനാക്ഷി സിന്‍ഹയാണ് ചിത്രത്തില്‍ കമലിന്റെ നായിക. ഈ സാഹചര്യത്തില്‍ ഒരു രണ്ടാം നായികയായി അഭിനയിക്കാന്‍ ശ്രീയ തീരുമാനിച്ചതിന്റെ കാരണം എന്താണെന്നാണ് കോളിവുഡ് ചര്‍ച്ച ചെയ്യുന്നത്.
‘കോ’യിലൂടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന ജീവയുടെ നായികയായി ‘രൌദ്രം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ ശ്രീയ. കോയുടെ മഹാ വിജയത്തെ തുടര്‍ന്നുവരുന്ന ‘ജീവ സിനിമ’ എന്ന നിലയില്‍ രൌദ്രത്തില് ശ്രീയയ്ക്കും പ്രതീക്ഷ ഏറെയാണ്.
തെലുങ്ക് നടന് റാണയുമായി ശ്രീയ പ്രണയത്തിലാണെന്നതാണ് തെന്നിന്ത്യ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിശേഷം. ശ്രീയ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും അഭ്യൂഹങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, മോഹന്‍ലാലിന്റെ നായികയായി ‘കാസനോവ’ എന്ന ചിത്രത്തില്‍ അഭിനയിക്കാനും ശ്രീയ സമയം കണ്ടെത്തിയിട്ടുണ്ട്.