ശ്രീനാഥിനെ കൊലപ്പെടുത്തിയതാണെന്ന് സംശയം

WEBDUNIA|
PRO
നടന്‍ ശ്രീനാഥിന്‍റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യ ലത. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. ആത്‌മഹത്യ ചെയ്യാന്‍ മാത്രം എന്തെങ്കിലും പ്രശ്നമുള്ളതായി മരണത്തിന് രണ്ടു ദിവസം മുമ്പുള്ള ഫോണ്‍ സംഭാഷണത്തില്‍ പോലും ശ്രീനാഥ് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ലത പറഞ്ഞു.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ശ്രീനാഥ് എന്നോട് വളരെ സന്തോഷത്തോടെയാണ് ഫോണില്‍ സംസാരിച്ചത്. അങ്ങനെ ഒരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കൊലപാതകമാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്‍റെ ദുരൂഹമരണത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയണം. ശ്രീനാഥിന്‍റെ മരണം ‘ശിക്കാര്‍’ സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. ആശ്വസിപ്പിക്കാന്‍ വീട്ടില്‍ ആരും വന്നില്ല - ലത വ്യക്തമാക്കി.

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീനാഥിനെ കോതമംഗലത്തുള്ള ഹോട്ടല്‍ മരിയ ഇന്‍റര്‍നാഷണലിലെ ഒരു മുറിയില്‍ കണ്ടെത്തിയത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ശിക്കാര്‍’ എന്ന സിനിമയില്‍ അഭിനയിക്കാനാണ് ശ്രീനാഥ് കോതമംഗലത്തെത്തിയത്. മോഹന്‍ലാലാണ് ഈ ചിത്രത്തില്‍ നായകന്‍. ലാലിന്‍റെ സുഹൃത്തായ ചായക്കടക്കാരന്‍റെ വേഷമായിരുന്നു ശ്രീനാഥിന്.

നാല്‍‌പ്പതോളം സീനുകളില്‍ ശ്രീനാഥിന്‍റെ കഥാപാത്രം വരുന്നുണ്ട്. ഇതിനായി 40 ദിവസത്തെ ഡേറ്റാണ് ശ്രീനാഥില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍ സിനിമയിലെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താരസംഘടനയായ ‘അമ്മ’യില്‍ അംഗമല്ലാത്ത ശ്രീനാഥിനെ അനുവദിക്കില്ലെന്ന് ഒരു ‘അമ്മ’ ഭാരവാഹി പറഞ്ഞതായും തുടര്‍ന്ന് ശ്രീനാഥിനെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതായും ശ്രീനാഥിന്‍റെ സഹോദരന്‍ സത്യനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ശ്രീനാഥ് ഹോട്ടലില്‍ താമസിക്കുന്നതിന്‍റെ ബില്ല് നല്‍കില്ലെന്നും അദ്ദേഹം പുറത്തിറങ്ങാന്‍ വിസമ്മതിച്ചാല്‍ ബാഗുകളും മറ്റ് സാധനങ്ങളും എടുത്ത് പുറത്തേക്കിട്ടുകൊള്ളാനും ചിലര്‍ നിര്‍ദ്ദേശിച്ചിരുന്നതായും സത്യനാഥ് വെളിപ്പെടുത്തിയിരുന്നു. ശ്രീനാഥിന്‍റെ സംസ്കാരം നടക്കുന്ന സമയത്തും ശിക്കാര്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :