ആര്‍ക്കെതിരെയും വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് ജഗതി ശ്രീകുമാര്‍. ആരെയും വിലക്കാന്‍ ഒരു സംഘടനയ്ക്കും അവകാശമില്ലെന്നും ജഗതി പറഞ്ഞു.
ജോലി ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അത് മുടക്കുന്നത് ജനാധിപത്യമല്ല. എന്തെങ്കിലും തെറ്റുകള്‍ ഒരാള്‍ ചെയ്താല്‍ അയാള്‍ക്ക് ശിക്ഷ നല്‍കാം. അല്ലാതെ വിലക്കേര്‍പ്പെടുന്നത് ശരിയായ പ്രവണതയല്ല. സിനിമാ മേഖലയില്‍ ഒരുപാട് ആള്ക്കാര് ജോലി ചെയ്യുന്നുണ്ട്. അന്നത്തിന് വേണ്ടിയാണ് എല്ലാവരും ജോലി ചെയ്യുന്നത്. അപ്പോള്‍ വിലക്കുന്നത് ശരിയല്ല. ഒരാളുടെ തൊഴില്‍ മുടക്കുന്ന നിലപാടില്‍ നിന്ന് സംഘടനകള്‍ പിന്മാറണം- ജഗതി പറഞ്ഞു.
സിനിമാമേഖലയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. അഭിനേതാക്കള്‍ക്കാണ് പ്രശ്നമെങ്കില്‍ ആ സംഘടനയോട് കാര്യം മറയണം. എന്നിട്ട് അത് ചര്‍ച്ച നടത്തി പരിഹരിക്കണം. കലുഷിതമായ രാഷ്ട്രീയപ്രശ്നങ്ങള്‍ പോലും പറഞ്ഞുതീര്ക്കുന്നുണ്ട്- നിത്യാ മേനോനെ വിലക്കിയതുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു ജഗതി.
‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന സിനിമയുടെ സെറ്റില്‍ സന്ദര്‍ശനം നടത്തിയ നിര്‍മ്മാതാക്കളോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താരസംഘടനയായ ‘അമ്മ’യും സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും ഇടപെട്ടതോടെ നടി നിത്യാ മേനോനെതിരായ വിലക്ക് പിന്‍വലിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചതായിട്ട് റിപ്പോര്‍ട്ടുണ്ട്.