Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (18:48 IST)
എം ജി ആറിന്റെ ജീവിതം മണിരത്നം സിനിമയാക്കി മാറ്റിയത് നമ്മള് കണ്ടു - ഇരുവര്‍. എം ജി ആറായി മോഹന്‍ലാല്‍ തകര്‍ത്താടിയതും കണ്ടു. തമിഴ് സിനിമയിലെ മറ്റൊരു ഇതിഹാസ താരം രജനികാന്തിന്റെ ജീവിതകഥ ചലച്ചിത്രമാക്കാനുള്ള ആലോചനയിലാണ് ഇപ്പോള്‍ മണിരത്നം എന്ന് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകക്കാരനായ ശിവാജിറാവു എന്ന ബസ് കണ്ടക്ടര്‍ തമിഴ് സിനിമാലോകം അടക്കിവാഴുന്ന സാക്ഷാല്‍ രജനികാന്തായി മാറിയ കഥയാണ് മണിരത്നം സിനിമയാക്കുന്നത്. ഇങ്ങനെയൊരു പ്രൊജക്ട് രൂപം കൊള്ളുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആര് ഈ ചിത്രത്തില്‍ രജനികാന്തായി അഭിനയിക്കും എന്നതാണ്.
മലയാളത്തിന്റെ സ്വന്തം ദുല്‍ക്കര്‍ സല്‍മാനെ ഈ പ്രൊജക്ടിലേക്ക് പരിഗണിക്കുന്നതായി കോടമ്പാക്കത്ത് സംസാരമുണ്ട്. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറിയ താരങ്ങളില്‍ മണിരത്നത്തിന് ഏറ്റവും ഇഷ്ടമുള്ളത് ദുല്ക്കറിനോടാണ്. തന്റെ ‘കാതല്‍ കണ്മണി’യിലെ നായകനുമൊത്ത് ഒട്ടേറെ സിനിമകള്‍ ചെയ്യാന്‍ മണിരത്നം ആഗ്രഹിക്കുന്നു.
എന്തായാലും രജനികാന്ത് ആയി ദുല്‍ക്കര്‍ സല്മാന് നറുക്ക് വീണാല്‍ അത് യുവസൂപ്പര്താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി തന്നെയായിരിക്കും.