മോഹന്‍ലാലിന്‍റെ കാര്‍ ബെന്‍സല്ല, അംബാസിഡര്‍!

ഏയ് ഓട്ടോ പോലെ ബെന്‍സ് വാസു!

Mohanlal, Benz Vasu, Prajith, Mammootty, Modi, Antony, മോഹന്‍ലാല്‍, ബെന്‍സ് വാസു, പ്രജിത്ത്, മമ്മൂട്ടി, മോഡി, ആന്‍റണി
Last Modified വെള്ളി, 15 ഏപ്രില്‍ 2016 (20:41 IST)
ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്നാണ് പേര്. നായകന്‍ സാക്ഷാല്‍ മോഹന്‍ലാല്‍. രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ തിരക്കഥാരചനയുടെ അവസാന ഘട്ടത്തിലാണ്.

വാസു എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തികഞ്ഞ ഗ്രാമീണനായ അയാള്‍ ഒരു അംബാസിഡര്‍ കാര്‍ ആണ് ഓടിക്കുന്നത്. ആ കാറിനോട് വല്ലാത്ത ഒരു അടുപ്പം വാസുവിനുണ്ട്. പണ്ട് ഏയ് ഓട്ടോയിലെ ‘സുന്ദരി’ ഓട്ടോയെ നായകന്‍ സുധി എങ്ങനെ കൊണ്ടുനടന്നോ അതുപോലെയാണ് വാസു ഈ അംബാസിഡര്‍ കാറിനെ കൊണ്ടുനടക്കുന്നത്.

ഒരാള്‍ക്കും ഒന്ന് ഓടിച്ചുനോക്കാന്‍ പോലും വാസു ആ കാര്‍ നല്‍കില്ല. ആ കാറിനെ ആരെങ്കിലും കുറ്റം പറഞ്ഞാലും അയാള്‍ സഹിക്കില്ല. ബെന്‍സ് കാറിനെക്കാള്‍ മെച്ചം തന്‍റെ അംബാസിഡറാണെന്ന് വാസു വിശ്വസിക്കുന്നു. അങ്ങനെയാണ് നാട്ടുകാര്‍ അയാള്‍ക്ക് ‘ബെന്‍സ് വാസു’ എന്ന് പേരിട്ടത്.

ആദ്യ തലമുറയില്‍ പെട്ട ഒരു അംബാസിഡര്‍ കാറായിരുന്നു അത്. തുടക്കത്തിലൊക്കെ ആ ഗ്രാമത്തിലുള്ളവര്‍ എല്ലാ ആവശ്യങ്ങള്‍ക്കും വാസുവിന്‍റെ കാര്‍ ആയിരുന്നു വിളിച്ചുകൊണ്ടിരുന്നത്. പിന്നീട് ഗ്രാമം പതിയെ മാറിത്തുടങ്ങി. പുതിയ പുതിയ കാറുകള്‍ വന്നു. വാസുവിന്‍റെ അംബാസിഡറിനെ ആളുകള്‍ പഴയതുപോലെ പരിഗണിക്കാതായി. അതില്‍ കടുത്ത വിഷമം വാസുവിനുണ്ട്.

എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ചില സംഭവവികാസങ്ങള്‍ വാസുവിന്‍റെ ജീവിതം ആകെ മാറ്റിമറിക്കുന്നു. അതാണ് ബെന്‍സ് വാസു എന്ന സിനിമയുടെ കഥയെ സംഘര്‍ഷഭരിതമാക്കുന്നത്.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം പ്രജിത്തിന്‍റെ ബെന്‍സ് വാസു ചെയ്യാമെന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :