ആസിഫ് അലി സൂപ്പര്‍സ്റ്റാറാകുമോ? നല്ല കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കുന്നതില്‍ ബുദ്ധിപരമായ സമീപനമാണ് ആസിഫിന്റേത്. ശ്രദ്ധയോടെ നീങ്ങിയാല്‍ ആസിഫ് അലി സൂപ്പര്‍താര പദവിയിലെത്തും. എന്തായാലും, ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസിയാണ് ആസിഫ് അലി. സൂപ്പര്‍സ്റ്റാര്‍ ആയേ അടങ്ങൂ എന്നൊരു വാശി ആസിഫിനുണ്ട്. പക്ഷേ, ആസിഫിന്റെ പൊക്കക്കുറവ് ഒരു കുറവുതന്നെ അല്ലേ എന്ന ചോദ്യത്തിന് രസകരമായ മറുചോദ്യമാണ് ആസിഫിന്റെ ഉത്തരം.
“സിനിമ ചെയ്യുമ്പോള്‍ അതിന്റെ അന്തരീക്ഷത്തില്‍ മുഴുകണമെന്നാണ് ആഗ്രഹം. അപ്പോള്‍ ഫോണ്‍ പോലുള്ള മറ്റ് അലോസരങ്ങള്‍ പാടില്ല. ഫോണിലൂടെ സുഖകരമല്ലാത്ത ഒരു വാര്‍ത്ത പോലും തേടിവരരുത്. ഒരു ഡേറ്റ് പ്രശ്നം ആണെങ്കില്‍ പോലും മൂഡ് മാറാം. അത് പെര്‍ഫോമന്‍സിനെ ബാധിക്കും.” - ലൊക്കേഷനിലായിരിക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്തതിനെ ആസിഫ് ന്യായീകരിക്കുന്നു.
“എല്ലാവരും ഇങ്ങനെയൊന്നും ആയിരിക്കില്ല. ഇതൊക്കെ എന്റെ മാത്രം കാര്യങ്ങളാണ്. അഭിനയം ഒരിക്കലും എനിക്ക് ടെന്‍ഷനുണ്ടാക്കുന്നില്ല. അഭിനയം സ്വാഭാവികമായി സംഭവിക്കണം എന്നുള്ളതുകൊണ്ട് കോളജിലേക്കോ ഹോസ്റ്റലിലേക്കോ ഒക്കെ പോകുന്നതുപോലെയാണ് ഞാന്‍ ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്നത്. താരമാണെന്നുള്ള വിചാരം പരമാവധി മാറ്റി നിര്‍ത്തുന്നു.” - ആസിഫ് പറയുന്നു.
“ഞാന്‍ വളരെയേറെ ആഗ്രഹിച്ചാണ് സിനിമയില്‍ വന്നത്. എന്റേതായ ഒരു ഐഡന്റിറ്റി സ്ഥാപിക്കണം എന്നുതന്നെയാണ് ആഗ്രഹം. എങ്ങനെ ഓരോ ചിത്രവും കൂടുതല്‍ നന്നാക്കാം, എങ്ങനെ അടുത്ത പടിയിലേക്ക് കയറാം എന്നൊക്കെയാണ് ചിന്തിക്കുന്നത്. ഇതൊക്കെക്കൊണ്ട് ഞാന്‍ ജാഡക്കാരനാണെന്ന് തെറ്റിദ്ധരിക്കരുത്” - ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് അലി അഭ്യര്‍ത്ഥിക്കുന്നു.