മലയാളത്തിന്റെ അഭിമാനമായ നടന്... മൂന്ന് പതിറ്റാണ്ടുകളോളം കേരളീയരെ രസിപ്പിച്ച മഹാപ്രതിഭ... ചാര്‍ത്തിക്കൊടുക്കാന്‍ ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ ഉണ്ടെങ്കിലും പാവം ലാലിന് ഇപ്പോള്‍ കാലക്കേടാണെന്ന് തോന്നുന്നു! ലഭിച്ച കേണല്‍ പദവി ദുരുപയോഗം ചെയ്തു എന്നും കാണിച്ച് ഒരു റിട്ടയേര്‍ഡ് ആര്മിക്കാരന് ഈയടുത്ത ദിവസമാണ് പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കിയത്. കോട്ടയത്ത് നിന്നൊരാള്‍ സാക്ഷാല്‍ എകെ ആന്റണിക്ക് തന്നെ മോഹന്‍ലാലിനെതിരെ പരാതി നല്കി. സുകുമാര്‍ അഴീക്കോടും തിലകനും നേരിട്ടും അല്ലാതെയും മാധ്യമങ്ങളിലൂടെ ലാലിനെ കുത്തുന്നത് വേറെയും.
ഇപ്പോഴിതാ, പുതിയൊരു പരാതി കൂടി ലാലിനെതിരെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഡിജിപിക്കാണ് ഇത്തവണത്തെ പരാതി പോയിരിക്കുന്നത്. ഹെല്‍മറ്റ് ധരിയ്ക്കാതെ ബൈക്കോടിച്ച് നടന് മോഹന്‍ലാല്‍ നിയമം ലംഘിച്ചുവെന്ന് പരാതി. പുതിയ ചിത്രമായ സ്നേഹവീടിലെ ഒരു രംഗത്തില്‍ ബിജുമേനോനെ പിറകിലിരുത്തി മോഹന്‍ലാല്‍ ബൈക്കോടിക്കുന്ന ഒരു രംഗമുണ്ട്. ഇതിനെതിരയാണ് പരാതി.
പാലക്കാട്ടു വച്ച് കെഎല്‍ 3344 എന്ന നമ്പറിലുള്ള ബൈക്കാണ് ലാല്‍ ഓടിച്ചതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. നടനെതിരെ കേസെടുക്കണമെന്നും പിഴയിടാക്കണമെന്നും ഹെല്‍മെറ്റ് ധരിയ്ക്കാതെ മോഹന്‍ലാല്‍ ബൈക്കോടിയ്ക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. റോഡ് സേഫ്റ്റി അഡൈ്വസറി കമ്മിറ്റി പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ജോര്‍ജ്ജാണ് പരാതിക്കാരന്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നടന് പിഴയടക്കേണ്ടി വരും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
ആഗസ്റ്റ് 15 എന്ന സിനിമയില്‍ മമ്മൂട്ടി ഹെല്‍മെറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാല്‍ ഹെല്‍മെറ്റ് ധരിയ്ക്കാതെ മമ്മൂട്ടി ബൈക്കോടിച്ചു വരുമ്പോള്‍ പൊലീസ് തടഞ്ഞുനിര്‍ത്തുന്നതും പിഴയിടാക്കുന്നതുമായ രംഗങ്ങളുമാണ് ചിത്രത്തിലുണ്ടായിരുന്നത്. സിനിമയില്‍ പൊലീസ് പിഴയീടാക്കിയത് കൊണ്ടാണോ എന്തോ മമ്മൂട്ടിക്കെതിരെ ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല!