മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വി - ഇവര്‍ക്ക് കുഴപ്പമില്ല, മറ്റുള്ളവര്‍ കുടുങ്ങും!

WEBDUNIA|
PRO
മിനിമം ഗ്യാരണ്ടിയുള്ള താരങ്ങളുടെ എണ്ണം മലയാളത്തില്‍ വളരെ കുറവാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയറാം എന്നിവരെ എടുത്തുപറയാം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍, അനൂപ് മേനോന്‍ തുടങ്ങിയവരുടെ കൂട്ടായ്മച്ചിത്രങ്ങള്‍ക്കും മാര്‍ക്കറ്റുണ്ട്. എന്തായാലും ഈ താരങ്ങള്‍ ഉള്‍പ്പെടാത്ത ചിത്രങ്ങള്‍ക്കും, നല്ല നിലവാരം പുലര്‍ത്താത്ത സിനിമകള്‍ക്കും കനത്ത തിരിച്ചടി വരാന്‍ പോകുന്നു.

മലയാള സിനിമ ഇപ്പോള്‍ സാറ്റലൈറ്റ് റൈറ്റ് എന്ന നിധികുംഭത്തില്‍ കണ്ണുനട്ടാണ് ചലിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് സാറ്റലൈറ്റ് അവകാശത്തുക വാരിക്കോരി നല്‍കാന്‍ ചാനലുകള്‍ മത്സരിക്കുകയാണ്. മാത്രമല്ല, ചെറിയ താരങ്ങളുള്ള സിനിമകളും ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത് സാറ്റലൈറ്റ് റൈറ്റ് മുന്നില്‍ക്കണ്ടാണ്. ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനുള്ളില്‍ മലയാളത്തിലുണ്ടായത് 85 സിനിമകള്‍. മുപ്പതിലധികം പുതിയ സംവിധായകര്‍ ഈ ആറുമാസത്തിനുള്ളില്‍ അരങ്ങേറ്റം കുറിച്ചു. എല്ലാം സാറ്റലൈറ്റ് റൈറ്റിന്‍റെ ബലം.

എന്നാല്‍ അതിനെല്ലാം അറുതി വരാന്‍ പോകുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ക്കും മികച്ച ചിത്രം എന്നുറപ്പുള്ളവയ്ക്കുമല്ലാതെ സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തില്‍ കടുത്ത നിയന്ത്രണത്തിനാണ് ചാനലുകള്‍ ഒരുങ്ങുന്നത്. നല്ല സിനിമയല്ലെന്ന് കണ്ടാല്‍ ചാനലുകള്‍ പണം മുടക്കില്ലെന്ന് സാരം.

സാറ്റലൈറ്റ് അവകാശത്തുക മുന്നില്‍ കണ്ട് ചവറുകള്‍ പടച്ചുവിട്ട സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമാണ് വലിയ തിരിച്ചടിയുണ്ടാകുക. ഇനി കാമ്പുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ. കാമ്പുള്ള സിനിമകളില്‍ മാത്രം അഭിനയിച്ച് താരമൂല്യം നിലനിര്‍ത്താന്‍ അഭിനേതാക്കളും ശ്രമിക്കട്ടെ. എങ്കിലേ ഈ കളിക്കളത്തില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :