മമ്മൂട്ടി അന്വേഷിക്കുന്നു - മരണത്തിന്‍റെ കാണാപ്പുറങ്ങള്‍ !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
അയാള്‍ ബാലചന്ദ്രന്‍. മരണത്തിന്‍റെ ഗൂഢാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയാണ് ജോലി. നിശ്ശബ്ദമാക്കപ്പെടുന്ന മരണത്തിന്‍റെ കാണാപ്പുറങ്ങള്‍ തേടിയാണ് അയാളുടെ യാത്ര. നഗരത്തില്‍ ആരുമറിയപ്പെടാതെ പോകുന്ന മരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥകള്‍ അയാള്‍ അന്വേഷിച്ചുകണ്ടെത്തുന്നു. മരണവും ജീവിതവും തമ്മില്‍ മുഖാമുഖം കാണുന്ന അവസ്ഥ. ഇവിടെ ബാലചന്ദ്രനാകുന്നത് മമ്മൂട്ടിയാണ്.

ഓഗസ്റ്റ് മൂന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ഫേസ് ടു ഫേസ് എന്ന ചിത്രം ഇതാണ് പ്രമേയമാക്കുന്നത്. അജയന്‍ വിന്‍സന്‍റ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് നവാഗതനാണ് രചന നിര്‍വഹിക്കുന്നത്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കും. ഗോവ, മൂന്നാര്‍ എന്നിവിടങ്ങളാണ് എറണാകുളം കൂടാതെയുള്ള ലൊക്കേഷനുകള്‍.

നഗരങ്ങളിലെ ജീവിതം കൂടുതല്‍ ദുഷ്കരമായിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും ആരും ആക്രമിക്കപ്പെടാം. കൊല്ലപ്പെടാം. പല മരണങ്ങളും ആരും അറിയാതെ പോകുന്നു. മരിച്ചതാരെന്നുപോലുമറിയാതെ കുഴിച്ചുമൂടപ്പെടുന്നു. കേസുമില്ല അന്വേഷണവുമില്ല. ഇവിടെയാണ് ബാലചന്ദ്രന്‍ എന്ന അന്വേഷകന്‍ എത്തുന്നത്.

അടുത്തിടെ മമ്മൂട്ടി അന്വേഷകനായി അഭിനയിച്ചത് പാലേരി മാണിക്യം, ഓഗസ്റ്റ് ഒന്ന്, ട്രെയിന്‍ തുടങ്ങിയ സിനിമകളിലാണ്. ഇതില്‍ പാലേരിമാണിക്യം വേറിട്ടുനില്‍ക്കുന്നു. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്‍റായിരിക്കും വി എം വിനു ഫേസ് ടു ഫേസില്‍ സ്വീകരിക്കുക.

പ്രതാപ്‌പോത്തന്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ മണി, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. അല്‍ഫോണ്‍സാ‍ണ് സംഗീതം.

വാല്‍ക്കഷണം: പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍ എന്നിവയാണ് വി എം വിനു മമ്മൂട്ടിയെ നായകനാക്കിയെടുത്ത ചിത്രങ്ങള്‍. ഇവ മൂന്നും ശരാശരി വിജയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :