മഞ്ജു വരുന്നു, ചില സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍!

Last Modified വ്യാഴം, 8 മെയ് 2014 (14:44 IST)
മഞ്ജു വാര്യരുടെ മടങ്ങിവരവ് ഒരു ചുമ്മാ മടങ്ങിവരവല്ല. അതിന് ചില ലക്‍ഷ്യങ്ങളുണ്ട്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഞ്ജു അഭിനയിച്ചിരുന്ന കാലത്ത്, മലയാള സിനിമയില്‍ ആ നടിക്ക് ഒരു എതിരാളി പോലും ഉണ്ടായിരുന്നില്ല. അത്തരം ഒരു കാലത്തെ വീണ്ടും സൃഷ്ടിക്കുക എന്നതായിരിക്കും മഞ്ജുവിന്‍റെ ആദ്യ ലക്‍ഷ്യം. എതിരാളികള്‍ പോലുമില്ലാത്ത ഒരു ഒന്നാം സ്ഥാനം!

‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയുടെ ട്രെയിലറില്‍ തന്നെ മഞ്ജു വാര്യര്‍ ഞെട്ടിക്കുകയാണ്. പണ്ട് നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ടുപോയ അഭിനയ വൈഭവത്തിന് ഒരു ചെറിയ അണുവിന്‍റെ അത്രപോലും കുറവ് വന്നിട്ടില്ല എന്ന തിരിച്ചറിവ് വലിയ ആഹ്ലാദമാണ് സമ്മാനിക്കുന്നത്. ഒരു സ്വപ്നത്തിന് വേണ്ടി ജീവിക്കുന്ന നിരുപമ എന്ന മുപ്പത്താറുകാരിയായി മഞ്ജു മിന്നിത്തിളങ്ങുന്ന സിനിമയായിരിക്കും ഹൌ ഓള്‍ഡ് ആര്‍ യു എന്ന് ട്രെയിലര്‍ വാഗ്ദാനം ചെയ്യുന്നു.

സഞ്ജയ് - ബോബി ടീം ഒരുക്കുന്ന തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകന്‍. കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ കാണാന്‍ ആരെയും പ്രേരിപ്പിക്കും വിധമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാത്തിരിക്കുകയാണ് മലയാളം, മഞ്ജു എന്ന വിസ്മയത്തെ വരവേല്‍ക്കാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :