ബോംബെ മാര്‍ച്ച് 12 തകര്‍ന്നു, വയലിന്‍ വന്‍ പരാജയം

WEBDUNIA|
PRO
കഴിഞ്ഞ വാരം റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ മമ്മൂട്ടിച്ചിത്രമായ ‘1993 ബോംബെ മാര്‍ച്ച് 12’ ബോക്സോഫീസില്‍ കനത്ത തിരിച്ചടി നേരിടുന്നു. ഒരു മമ്മൂട്ടിച്ചിത്രമായിട്ടു പോലും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല. തുടര്‍ ദിവസങ്ങളില്‍ ചിത്രം ദയനീയമായി കൂപ്പുകുത്തുകയും ചെയ്തു.

ഈ വര്‍ഷം മമ്മൂട്ടിയുടെ തുടര്‍ച്ചയായ നാലാം പരാജയമാണിത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍ എന്നീ സിനിമകള്‍ വന്‍ തകര്‍ച്ച ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച മമ്മൂട്ടി ഈ വര്‍ഷം ഒരു ഹിറ്റിനായി ദാഹിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ദി ട്രെയിന്‍ സംവിധാനം ചെയ്ത ജയരാജിന് തിയേറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു മോശം സിനിമ തന്ന് തങ്ങളെ ജയരാജ് പറ്റിച്ചു എന്നാണ് തിയേറ്ററുടമകളുടെ പരാതി.

‘1993 ബോംബെ മാര്‍ച്ച് 12’ ഭേദപ്പെട്ട സിനിമയാണെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന തിരക്കഥയും സംവിധാനത്തിലെ പാളിച്ചയുമാണ് ചിത്രത്തിന് വിനയായത്. ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് വേണ്ടത്ര പരസ്യമോ മറ്റ് പബ്ലിസിറ്റിയോ നല്‍കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്ന പിശുക്കും ചിത്രത്തിന്‍റെ പരാജയത്തിന് കാരണമായി.

സിബി മലയില്‍ സംവിധാനം ചെയ്ത ‘വയലിന്‍’ ഈ വാരം മറ്റൊരു ദുരന്തമായി മാറി. വയലിന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ല. ദുര്‍ബലമായ തിരക്കഥയില്‍ തട്ടിക്കൂട്ടിയ ഈ സിനിമ ജനങ്ങള്‍ ബഹിഷ്കരിച്ചു കഴിഞ്ഞു. സിബി മലയിലില്‍ നിന്ന് ഇത്ര സില്ലിയായ ഒരു ചിത്രം പ്രതീക്ഷിച്ചില്ലെന്നാണ് പ്രേക്ഷകാഭിപ്രായം.

അതേസമയം, വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ത്രീ കിംഗ്സ്’ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. മോശം സിനിമയാണെങ്കിലും ചിത്രത്തിലെ ചില കോമഡി രംഗങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ഒരു ഫണ്‍ സിനിമ എന്ന നിലയില്‍ ചിത്രം സ്വീകരിക്കപ്പെട്ടു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :