പ്രിയദര്‍ശനും സിദ്ദിഖുമൊക്കെ ഹിന്ദിയില്‍ വമ്പന്‍ സംവിധായകരായി വിലസുമ്പോള്‍ ഇനി മലയാളത്തില്‍ നിന്ന് ഹിന്ദിയിലെത്താന്‍ സാധ്യതയുള്ള ഒരു സംവിധായകന്‍റെ പേര് സിനിമാലോകത്ത് ഇപ്പോള്‍ പരക്കുന്നുണ്ട് - ബ്ലെസി! ‘പ്രണയം’ എന്ന സിനിമയുടെ റിലീസിന് ശേഷം തൊട്ടടുത്തുതന്നെ ബ്ലെസിയുടെ ബോളിവുഡ് പ്രവേശം ഉണ്ടാകുമെന്നാണ് സൂചന.
പ്രണയത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹിന്ദി സിനിമയിലെ അതികായന്‍ അനുപം ഖേര്‍ ബ്ലെസിയുടെ അനൌദ്യോഗിക പി ആര്‍ ഒയെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി സിനിമയിലെ പ്രമുഖരോടും നിര്‍മ്മാണക്കമ്പനികളോടും ബ്ലെസിയെക്കുറിച്ച് പറയാനേ ഇപ്പോള്‍ അനുപം ഖേറിന് സമയമുള്ളൂവത്രെ. ബ്ലെസിക്കൊപ്പം ജോലി ചെയ്യേണ്ടത് ഏതൊരു നടന്‍റെയും കരിയറില്‍ അത്യാവശ്യമാണെന്ന് തന്‍റെ സുഹൃത്ത് അനില്‍ കപൂറിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
താന്‍ അഭിനയിച്ച 450 സിനിമകളില്‍ നിന്ന് ഏറ്റവും മികച്ച ഏഴു സിനിമകള്‍ തെരഞ്ഞെടുത്താല്‍ അതിലൊന്ന് ‘പ്രണയം’ ആയിരിക്കുമെന്നാണ് അനുപം ഖേറിന്‍റെ കണ്ടെത്തല്‍. അനുപം മാത്രമല്ല, പ്രണയത്തിലെ മറ്റ് താരങ്ങളായ ജയപ്രദയും മോഹന്‍ലാലും ഈ സിനിമ മലയാളത്തിലെയും ഇന്ത്യയിലെ തന്നെയും ഏറ്റവും മികച്ച സിനിമകളിലൊന്നായിരിക്കുമെന്ന് സാക്‍ഷ്യപ്പെടുത്തുന്നു.
ഓഗസ്റ്റ് 31ന് ഓണം റിലീസായി രാജ്യമെമ്പാടുമുള്ള 150 കേന്ദ്രങ്ങളിലാണ് പ്രണയം എത്തുന്നത്. ഈ സിനിമയുടെ റിലീസിന് ശേഷം ബ്ലെസി ‘ആടുജീവിതം’ സിനിമയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമോ അതോ ഹിന്ദി സിനിമാലോകത്തേക്ക് ചേക്കേറുമോ എന്ന് കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.