പൃഥ്വി കളം‌നിറഞ്ഞ് കളിക്കുന്നു, നിവിന്‍ പോളിയെവിടെ?

Prithviraj, Nivin Pauly, Premam, Anarkkali, Action Hero Biju, പൃഥ്വിരാജ്, നിവിന്‍ പോളി, പ്രേമം, അനാര്‍ക്കലി, ആക്ഷന്‍ ഹീറോ ബിജു
Last Modified ശനി, 21 നവം‌ബര്‍ 2015 (19:34 IST)
എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി - മൂന്ന് തകര്‍പ്പന്‍ ഹിറ്റുകള്‍. പൃഥ്വിരാജ് മലയാള സിനിമ പിടിച്ചടക്കിയിരിക്കുകയാണ്. മറ്റൊരു താരത്തിനും ശ്വാസം വിടാന്‍ ഇടനല്‍കാത്ത വിധം തുടര്‍ച്ചയായി മൂന്ന് മെഗാഹിറ്റുകളിലൂടെ അടുത്ത മമ്മൂട്ടി, അടുത്ത മോഹന്‍ലാല്‍, അത് താനാണെന്ന് വിളിച്ചുപറയുകയാണ് പൃഥ്വിരാജ്.

അപ്പോള്‍ സ്വാഭാവികമായും ഒരു സംശയമുയരും. എവിടെ നിവിന്‍ പോളി? മലയാള സിനിമയിലെ ഏറ്റവും വലിയ താരമായി ഉയര്‍ന്നുവരുമെന്ന് കുറച്ചുകാലം മുമ്പ് ഏവരും പാടിപ്പുകഴ്ത്തിയ താരം. ആറുമാസമായി നിവിന്‍ പോളിയെക്കുറിച്ച് വിവരമൊന്നുമില്ല. പ്രേമം, ഇവിടെ എന്നീ രണ്ട് സിനിമകള്‍ നിവിന്‍ പോളിയുടേതായി എത്തിയത് കഴിഞ്ഞ മേയ് 29നായിരുന്നു. അതിന് ശേഷം ഇപ്പോള്‍ ആറുമാസമായിരിക്കുന്നു.

‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയുടെ പണിപ്പുരയിലാണ് നിവിന്‍ പോളി എന്നാണ് അന്നുമുതല്‍ ഇന്നുവരെ കേട്ടുകൊണ്ടിരിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആ സിനിമ ക്രിസ്മസ് റിലീസാണെന്ന് കേള്‍ക്കുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാത്രമല്ല, ആക്ഷന്‍ ഹീറോ ബിജുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകനോ നായകനനടനോ പുറത്തുവിട്ടിട്ടുമില്ല. ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് അനാവശ്യമായ ഹൈപ്പുണ്ടാക്കുമെന്ന് ഭയന്നിട്ടാണോ എന്നറിയില്ല ഈ നിശബ്ദത.

എന്തായാലും ഒരു വടക്കന്‍ സെല്‍‌ഫി, പ്രേമം എന്നീ വമ്പന്‍ ഹിറ്റുകളിലൂടെ ഈ വര്‍ഷത്തിന്‍റെ ആദ്യപകുതി തന്‍റെ പേരിലെഴുതിയ നിവിന്‍ പോളി കഴിഞ്ഞ ആറുമാസമായി നിശബ്ദനായിരിക്കുന്നത് നിവിന്‍ പോളി ആരധകരെ നിരാശരാക്കിയിട്ടുണ്ട്. പൃഥ്വിക്ക് തകര്‍പ്പന്‍ മറുപടിയുമായി ക്രിസ്മസിന് നിവിന്‍ പോളി ഒരു വരവ് വരും എന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :