മലയാളത്തിന്‍റെ സ്വന്തം ‘ബാലാമണി’ നവ്യാനായര്‍ അമ്മയാകാനൊരുങ്ങുന്നു. സിനിമയിലൊന്നുമല്ല കേട്ടോ. യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ. നവ്യാനായര്‍ ഗര്‍ഭിണിയാണ്. എങ്കിലും അതിന്‍റെ ആലസ്യങ്ങളൊന്നും വകവയ്ക്കാതെ താരം ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി തിരുവനന്തപുരത്തെത്തി. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഹരിചന്ദനം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് നവ്യ തിരുവനന്തപുരത്തെത്തിയത്. വിവാഹത്തിനു മുമ്പ് നവ്യ അഭിനയിച്ച ചിത്രമാണ് ഹരിചന്ദനം. ഇതിന്‍റെ ഏതാനും സീനുകള്‍ ബാക്കിയുണ്ടായിരുന്നത് തീര്‍ത്തുകൊടുക്കാനാണ് നവ്യ എത്തിയത്. മൂന്നു ദിവസത്തെ ഷൂട്ടിംഗാണ് നവ്യയ്ക്കുള്ളത്. സുരേഷ്ഗോപിയാണ് ചിത്രത്തിലെ നായകന്‍.
“നല്ലൊരു കുഞ്ഞിനെ വേണമെന്നാണ് ഏതൊരു സ്ത്രീയെയും പോലെ എന്‍റെയും ആഗ്രഹം” - അമ്മയാകാന്‍ പോകുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ നവ്യ പ്രതികരിച്ചു. വിവാഹിതയായ ശേഷം മുംബൈയില്‍ താമസമാക്കിയ തനിക്ക് മുംബൈയില്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് നവ്യ പറയുന്നത്.
“നാട്ടിലേക്കാള്‍ സ്വാതന്ത്ര്യം എനിക്കു മുംബൈയില്‍ ലഭിക്കുന്നുണ്ട്. അവിടെ ആള്‍ക്കാര്‍ തിരിച്ചറിയുമെന്നുള്ള പേടികൂടാതെ ഇറങ്ങിനടക്കാം” - നവ്യ പറഞ്ഞു. വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതായും നവ്യാനായര്‍ അറിയിച്ചു.
ചേരന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലൂടെ നവ്യ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നവ്യ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ സമയത്ത് ഒട്ടേറെ നല്ല ഓഫറുകളുണ്ടായിരുന്നെന്നും എന്നാല്‍ അവയൊക്കെ ഒഴിവാക്കുകയായിരുന്നെന്നുമാണ് നവ്യ പറയുന്നത്.