ഡി വൈ എഫ് ഐക്കെതിരെ മോഹന്‍ലാല്‍!

WEBDUNIA|
PRO
സിപി‌എമ്മിന്‍റെ യുവജന സംഘടനയായ ഡി വൈ എഫ് ഐക്കെതിരെ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്ത്. സിനിമാതാരങ്ങള്‍ സ്വര്‍ണ്ണാഭരണ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് എതിരെ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കിയതാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചത്. ജ്വല്ലറികളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നത്‌ തെറ്റാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മോഹന്‍ലാല്‍ തുറന്നടിച്ചു.

മലബാര്‍ ഗോള്‍ഡിന്‍റെ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്തെത്തിയ മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവേയാണ് ഡി വൈ എഫ് ഐയുടെ നയത്തെ പരസ്യമായി എതിര്‍ത്തത്. വര്‍ഷങ്ങളായി മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് മോഹന്‍ലാല്‍.

“മലബാര്‍ ഗോള്‍ഡ് സ്വര്‍ണ്ണ കച്ചവടം മാത്രം നടത്തുന്ന ഒരു സ്ഥാപനമല്ല. ജനങ്ങള്‍ക്ക് ഉപകാരമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. പാവങ്ങളെയും രോഗികളെയും സഹായിക്കുന്ന അവര്‍ മാലിന്യമുക്ത കേരളത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വര്‍ണം നല്ലൊരു നിക്ഷേപം കൂടിയല്ലേ?. അതുകൊണ്ട് ജ്വല്ലറികളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല” - മോഹന്‍ലാല്‍ പറഞ്ഞു.

താരങ്ങള്‍ സ്വര്‍ണ്ണക്കടകളുടെ ബ്രാന്‍ഡ് അം‌ബാസഡര്‍മാരാകുന്നതിനെ പരിതാപകരമായ അവസ്ഥയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം വിശേഷിപ്പിച്ചിരുന്നു. സദാചാര ജീവിതമൂല്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാ‍ന്‍ താരങ്ങളെ ഡി വൈ എഫ് ഐ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.

അതേസമയം, ഡി വൈ എഫ് ഐയുടെ റിപ്പോര്‍ട്ടിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് ലാല്‍‌ ഫാന്‍സുകാര്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. 2007ല്‍ ഡി വൈ ‌എഫ്‌ ഐയുടെ ദേശീയ സമ്മേളനത്തില്‍ മമ്മൂട്ടി പങ്കെടുത്തതും സി പി എമ്മിന്‍റെ ചാനലായ കൈരളിയുടെ ചെയര്‍മാനാണ് മമ്മൂട്ടി എന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നതായി ചില മോഹന്‍ലാല്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :