ട്രാഫിക്കില്‍ റഹ്‌മാന്‍ അവതരിപ്പിച്ചത് മമ്മൂട്ടിയെ?

WEBDUNIA|
PRO
‘ട്രാഫിക്’ എന്ന സിനിമ കണ്ടവര്‍ റഹ്‌മാന്‍ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറിനെ മറക്കാനിടയില്ല. ആ കഥാപാത്രത്തെ അതിഗംഭീരമാക്കി റഹ്‌മാന്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈഗോയും ധാര്‍ഷ്ട്യവും താന്‍‌പോരിമയുമുള്ള സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റഹ്‌മാന് ആരെങ്കിലും റോള്‍ മോഡലായുണ്ടായിരുന്നോ? ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെ ഛായയുണ്ടെന്ന സംസാരം മലയാള സിനിമാലോകത്ത് വ്യാപകമാണ്.

എന്നാല്‍ റഹ്‌മാന്‍ ഈ വിലയിരുത്തലിനോട് ബുദ്ധിപരമായാണ് പ്രതികരിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ മമ്മൂട്ടിയെ മോഡലാക്കിയെന്നോ ഇല്ലെന്നോ റഹ്‌മാന്‍ പറയുന്നില്ല. “ആ കഥാപാത്രത്തിനുവേണ്ടി ഞാന്‍ ഒരു സ്റ്റൈല്‍ ഉപയോഗിച്ചിട്ടുണ്ട്. അത് താരരീതിയാണ്. അത്തരം സ്റ്റൈല്‍ മമ്മുക്കയ്ക്കും ഉണ്ട്.” - റഹ്‌മാന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

സിദ്ധാര്‍ത്ഥ് ശങ്കറിന് തന്‍റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ മരണാസന്നനായ ഒരു യുവാവിന്‍റെ ഹൃദയം ആവശ്യമായി വരുന്നു. എന്നാല്‍ ആ യുവാവിന്‍റെ മാതാപിതാക്കള്‍ അത് അനുവദിക്കുന്നില്ല. “എന്‍റെ മകളുടെ കാര്യമാണെന്ന് പറഞ്ഞില്ലേ?” എന്ന സിദ്ധാര്‍ത്ഥ് ശങ്കറിന്‍റെ ചോദ്യത്തില്‍ തന്നെ സൂപ്പര്‍താരത്തിന്‍റെ അഹന്ത വ്യക്തമാകുന്നു. താന്‍ മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ആരോ ആണെന്ന ഭാവം. താരജാഡയെന്ന് അതിനെ വിശേഷിപ്പിക്കാമോ? റഹ്‌മാന്‍ പറയുന്നത് കേള്‍ക്കുക:

“അമിതാഭ് ബച്ചനും അമീര്‍ഖാനും ഷാരുഖ് ഖാനും സെറ്റില്‍ വരുന്നത് റഹ്‌മാനോ മോഹന്‍ലാലോ സെറ്റില്‍ വരുന്നതു പോലെയല്ല. അതിനെ സ്റ്റൈല്‍ എന്നോ ജാഡയെന്നോ വിളിക്കാം.”

അടുത്തിടെ ‘തിരക്കഥ’ എന്ന ചിത്രത്തില്‍ അനൂപ് മേനോനും ഒരു സൂപ്പര്‍താരമായി അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും രീതികള്‍ ഇടകലര്‍ത്തിയുള്ള അഭിനയമാണ് അനൂപ് പരീക്ഷിച്ചതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :