അഭിനയത്തില്‍ താന്‍ മമ്മൂട്ടിയുടെയും കമലഹാസന്‍റെയും പാതയിലാണെന്ന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ തന്‍റെ ചേഷ്ടകളോ സ്വഭാവരീതികളോ കാണാന്‍ കഴിയില്ലെന്നും കഥാപാത്രങ്ങളുടേതായ മാനറിസങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.
“ലാലേട്ടന്‍ പൊലീസ് ഓഫീസറായി അഭിനയിച്ചാലും ഓട്ടോ ഡ്രൈവറായി അഭിനയിച്ചാലും അതില്‍ മോഹന്‍ലാല്‍ ഉണ്ടാകും. പക്ഷേ, അത് കാഴ്ചക്കാരനെ അറിയിക്കാതെ കഥാപാത്രവുമായി സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. എന്‍റെ അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും, ആ കഥാപാത്രങ്ങളിലെല്ലാം സുകുമാരനുണ്ട്. സുകുമാരന്‍ നടക്കുന്നതുപോലെ, സംസാരിക്കുന്നതു പോലെയാണ് കഥാപാത്രങ്ങളും.” - എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തരാണ് താനും മമ്മൂട്ടിയുമെന്ന് പൃഥ്വിരാജ് പറയുന്നു.
“മമ്മുക്കയുടെ മാനറിസങ്ങള്‍ ഒരിക്കലും കഥാപാത്രങ്ങളിലേക്ക് കടന്നുവരാറില്ല. എന്‍റെ ശൈലിയും അങ്ങനെയുള്ളതാണ്. എന്‍റെ കഥാപാത്രങ്ങളില്‍ നിങ്ങള്‍ക്ക് എന്‍റെ ചേഷ്ടയോ സ്വഭാവോ കാണാന്‍ കഴിയില്ല.” - പൃഥ്വി പറയുന്നു.
“കമലഹാസനാണോ രജനീകാന്താണോ നല്ല നടന്‍ എന്നു ചോദിച്ചാല്‍ പലരും കമലഹാസന്‍റെ പേര് പറയും. പക്ഷേ, രജനീകാന്തിനെപ്പോലെ പ്രേക്ഷകനോട് സംവദിക്കാന്‍ ഏത് നടന് കഴിയും? അത് അഭിനയത്തിന്‍റെ വേറൊരുതരം സിദ്ധിയാണ്” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.