കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി സിനിമ ചെയ്യണമെന്ന് നിയമമൊന്നുമില്ല!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമകള്‍ ഏത് രീതിയിലുള്ളതാണെന്ന് റിലീസിന് ശേഷം മാത്രമേ പറയാന്‍ കഴിയൂ. എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്ത് പ്രതിഭ തെളിയിച്ച സംവിധായകനാണ് അദ്ദേഹം. വി കെ പിയുടെ ഏറ്റവും പുതിയ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജ് വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. അതോടൊപ്പം തന്നെ ഈ സിനിമ കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാത്ത സിനിമയാണെന്ന രീതിയിലുള്ള വിമര്‍ശനങ്ങളും വ്യാപകമാണ്.

എന്നാല്‍, എല്ലാ സിനിമകളും കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി ചെയ്യണമെന്ന നിയമമൊന്നും നിലവിലില്ലെന്നാണ് വി കെ പ്രകാശ് ഈ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നത്. ഒരേ ജോണറിലുള്ള സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വി കെ പ്രകാശ് വെളിപ്പെടുത്തുന്നു.

“പ്രണയത്തെക്കുറിച്ചും കാമത്തെക്കുറിച്ചുമാണ് ഈ സിനിമ സംസാരിക്കുന്നതെന്ന് പ്രൊമോകളില്‍ തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ റിലീസിന് ശേഷം ‘കാമം’ എന്നത് മാത്രമേ ചര്‍ച്ചയാകപ്പെടുന്നുള്ളൂ” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വി കെ പ്രകാശ് പറയുന്നു.

കൊച്ചിയിലെ ട്രിവാന്‍ഡ്രം ലോഡ്ജിലെ അന്തേവാസികളെ ചുറ്റിപ്പറ്റിയാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ കഥ വികസിക്കുന്നത്. പരമ്പരാഗത രീതിയില്‍ കഥ പറഞ്ഞുപോകുന്ന ഒരു സിനിമയല്ല ഇത്. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ഈ സിനിമയില്‍ ജയസൂര്യ, ധ്വനി, സൈജു കുറുപ്പ്, പി ബാലചന്ദ്രന്‍, ജയചന്ദ്രന്‍ തുടങ്ങിയവരാണ് താരങ്ങള്‍. ചിത്രത്തിലെ കൂടുതല്‍ കഥാപാത്രങ്ങളും തങ്ങളുടെ കാമജീവിതത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം മാത്രം മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :