ഒടുവില്‍ പൃഥ്വിരാജ് കീഴടങ്ങി!

WEBDUNIA|
PRO
PRO
ഒടുവില്‍ നടന്‍ പൃഥ്വിരാജ് കാര്യങ്ങള്‍ മനസ്സിലാക്കിയെന്ന് തോന്നുന്നു. പ്രേക്ഷകര്‍ ആണ് വലുതെന്ന് അവാര്‍ഡ് നൈറ്റില്‍ വെറുതെ പറയാന്‍ മാത്രമുള്ളതല്ലെന്ന് പൃഥ്വി തിരിച്ചറിഞ്ഞെന്നു വേണം കരുതാന്‍. പ്രേക്ഷകരെ വെറുപ്പിച്ച് കരിയര്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയിട്ടാകണം പൃഥ്വി ഒടുവില്‍ ക്ഷമ ചോദിച്ചത്. ആരാധകരെയും മാധ്യമപ്രവര്‍ത്തകരെയും വെറുപ്പിച്ച് രഹസ്യവിവാഹം കഴിച്ചതിന് പൃഥ്വിരാജ് മാധ്യമസമ്മേളനത്തില്‍ ക്ഷമ ചോദിക്കുകയായിരുന്നു.

മാണിക്യക്കല്ല് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള മീറ്റ് ദി പ്രസിലാണ് പൃഥ്വി ഖേദം പ്രകടിപ്പിച്ചത്. തന്റെ വിവാഹം രഹസ്യമാക്കി വയ്ക്കാന്‍ പാടില്ലായിരുന്നുവെന്നു പറയുന്നവര്‍ക്കു മുന്നില്‍ കുറ്റമേല്‍ക്കുന്നുവെന്നും ക്ഷമിക്കണമെന്നുമാണ് നടന്‍ പൃഥ്വി പറഞ്ഞത്.

വിവാഹത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ പൃഥ്വി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "വിവാഹം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ വിവാഹക്കാര്യം രഹസ്യമാക്കി വച്ചത്. ഒന്ന് എന്റെ ഭാര്യയായ സുപ്രിയാ മേനോന്‍ ഒരു മാധ്യമ പ്രവര്‍ത്തകയാണ്. അവള്‍ക്ക് ഇലക്ഷന്‍ വാര്‍ത്തകള്‍ എടുക്കാനും മറ്റും കേരളത്തിലും വരേണ്ടി വരും. അവളുടെ പേര് ഞാന്‍ വെളിപ്പെടുത്തിയാല്‍, അത് അവളുടെ ജോലിയെ ബാധിക്കും. പൃഥ്വിരാജിന്റെ കാമുകി എന്ന നിലയില്‍ അവള്‍ ശ്രദ്ധിക്കപ്പെടും.

രണ്ടാമത്തെ കാരണം ഞാനിഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ താലികെട്ടുന്നത് എന്റെ അച്ഛന്റെ ഫോട്ടോയുടെ മുന്നില്‍ വച്ചായിരിക്കണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ആ ചടങ്ങിന് സാക്ഷിയാകാന്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമെ പാടുള്ളൂ എന്നതും എന്റെ ഒരു ആഗ്രഹമായിരുന്നു"- പൃഥ്വിരാജ് പറഞ്ഞു.

വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ വിപണിമൂല്യത്തിന് ഇടിവൊന്നും പറ്റിയിട്ടില്ല. മലയാള സിനിമയിലെ പ്രവണത വെച്ചുനോക്കിയാല്‍ തനിക്കിനിയും അന്‍പതുവര്‍ഷമെങ്കിലും നായകനായി തുടരാനാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിയുടെ പുതിയ ചിത്രമായ മാണിക്യകല്ല്‌ നല്ല അഭിപ്രായം നേടിയിട്ടും തീയേറ്ററുകളില്‍ നിന്ന് നടന്റെ ആരാധകര്‍ പോലും വിട്ടുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹ വിവാദവുമായി ബന്ധപ്പെട്ട് പൃഥ്വിയോടുള്ള നീരസം മൂലം പ്രേക്ഷകരും മാധ്യമങ്ങളും ചിത്രത്തെ നിരാകരിക്കുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. പൃഥ്വിരാജിന്റെ ഇമേജിന് ഈ സംഭവം പ്രതികൂലമായി ബാധിച്ചു എന്നും വിലയിരുത്തലുകളുണ്ടായിരുന്നു. എന്തായാലും അത് ശരിവയ്ക്കുന്ന രീതിയിലാണ് ആരാധകരൊട് പൃഥ്വിരാജ് മാപ്പപേക്ഷിച്ചത്.

മാണിക്യക്കല്ലിന്റെ സംവിധായകന്‍ മോഹന്‍, നടി സംവൃതാ സുനില്‍, നിര്‍മാതാവ് ഗിരീഷ് ലാല്‍ തുടങ്ങിയവര്‍ പ്രസ് ദ് മീറ്റില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :