Last Modified തിങ്കള്‍, 19 ജനുവരി 2015 (12:05 IST)
ഷങ്കറിന്റെ വിസ്മയ ചിത്രം ബോക്സോഫീസില്‍ കോടികള്‍ വാരുന്നതിനൊപ്പം വിവാദവും കത്തിപ്പടരുകയാണ്. ചിത്രത്തിലൂടെ മൂന്നാംലിംഗക്കാരെ അധിക്ഷേപിച്ചു എന്ന ആരോപണമാണ് ഇപ്പോള്‍ ഷങ്കറിന്റെ വീടിന് പൊലീസ് കാവല്‍ വരെ ഏര്‍പ്പെടുത്തേണ്ട അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ ചിത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ്.
സിനിമയില്‍ മൂന്നാംലിംഗക്കാരെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ആരോപണം. മൂന്നാംലിംഗക്കാരെ ചിത്രീകരിച്ചിരിക്കുന്ന രീതി സിനിമയെക്കുറിച്ചുള്ള പല നിരൂപണങ്ങളിലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഷങ്കറിന് വീടിന് മുന്നില്‍ പ്രതിഷേധധര്‍ണ നടത്താന്‍ മൂന്നാം ലിംഗക്കാര്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്നാംലിംഗക്കാരില്‍ ഒരാളെ മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് 'ഐ'യില്‍ കാണിക്കുന്നത്. വിക്രമിന്റെ കഥാപാത്രത്തോട് ഈ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തിന് തോന്നുന്ന അഭിനിവേശത്തിന്റെ ചിത്രീകരണം അതിരുകടന്നതാണെന്നും ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ ആരോപിക്കുന്നു.
വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരെ അവതരിപ്പിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷങ്കറിനെതിരെ പ്രക്ഷോഭം നടത്താന്‍ ഇവര്‍ ഒരുങ്ങുന്നത്.