എ ആര്‍ മുരുഗദോസും സത്യന്‍ അന്തിക്കാടും തമ്മില്‍...!

WEBDUNIA|
PRO
തമിഴകത്തെ സംവിധായകരില്‍ ഷങ്കര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് എ ആര്‍ മുരുഗദോസിന്. ചെയ്യുന്ന സിനിമകളെല്ലാം വ്യത്യസ്തമാകണമെന്നും മെഗാഹിറ്റ് ആകണമെന്നും നിര്‍ബന്ധമുള്ള സംവിധായകന്‍. മികച്ച ആക്ഷന്‍ എന്‍റര്‍ടെയ്നറുകള്‍ സൃഷ്ടിക്കുന്ന അദ്ദേഹം ഒന്നാന്തരം തിരക്കഥാകൃത്തുമാണ്. ഹിന്ദിയിലും ‘ഗജിനി’ വിസ്മയത്തിലൂടെ പേരെടുക്കാന്‍ മുരുഗദോസിന് കഴിഞ്ഞു.

‘തുപ്പാക്കി’ എന്ന സിനിമ ചെയ്യുന്ന സമയത്ത് മുരുഗദോസ് ഒരു പുലിവാല് പിടിച്ചത് വായനക്കാര്‍ മറന്നിട്ടില്ലല്ലോ. ആ സിനിമയുടെ പേര് സംബന്ധിച്ചുണ്ടായ തര്‍ക്കം വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ‘കള്ളത്തുപ്പാക്കി’ എന്ന മറ്റൊരു ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരാണ് ‘തുപ്പാക്കി’ എന്ന പേരിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോയത്. അത് ഒത്തുതീര്‍പ്പാക്കാന്‍ മുരുഗദോസിന് ഏറെ കഷ്ടപ്പെടേണ്ടിവന്നു.

അതുകൊണ്ടുതന്നെ, സത്യന്‍ അന്തിക്കാടിന്‍റെ രീതി പിന്തുടരാനാണ് ഇപ്പോള്‍ മുരുഗദോസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ പേര് എന്തെന്ന് വെളിപ്പെടുത്തില്ല. അവസാന നിമിഷം നല്ലൊരു പേരിട്ട് പടം റിലീസിനെത്തിക്കുക. അതാകുമ്പോള്‍ വിവാദകോലാഹലങ്ങള്‍ക്കൊന്നും സമയം കിട്ടില്ലല്ലോ.

മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ ഇളയദളപതി വിജയ് ആണ് നായകന്‍. ഈ സിനിമയ്ക്ക് ‘അതിരടി’ എന്ന് പേര് നിശ്ചയിച്ചതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം സംവിധായകന്‍ നിഷേധിച്ചു. ചിത്രത്തിന്‍റെ പേര് ഷൂട്ടിംഗ് അവസാനിച്ചതിന് ശേഷം പ്രഖ്യാപിക്കാമെന്നാണ് മുരുഗദോസ് തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :