സംവൃത സുനിലും പൃഥ്വിരാജിന്റെ വഴി തന്നെ തെരഞ്ഞെടുത്തു. വിവാഹക്കാര്യം ആരോടും പറഞ്ഞില്ല. സംവൃതയും കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖിലും ജനുവരി 19ന് വിവാഹിതരായി. കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് സംവൃതയുടെ വിവാഹക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുന്നത്. വിവാഹം നടന്ന അന്നുതന്നെ വിവാഹ രജിസ്ട്രേഷനും നടന്നു എന്നാണ് വിവരം.
കോഴിക്കോട്ട് ആര്യസമാജത്തില്‍ വച്ചാണ് സംവൃതയുടെ കഴിത്തില് അഖില്‍ താലി ചാര്‍ത്തിയത്. വൈകുന്നേരം കോഴിക്കോട്ട് ജനസേവന കേന്ദ്രത്തിലെത്തി വിവാഹ രജിസ്ട്രേഷന് നടത്തി. അഖിലിനൊപ്പം അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ് ഇപ്പോള്‍ സംവൃത.
ജനുവരി 19ന് ശേഷം സംവൃത മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളില്‍ പോലും തന്റെ വിവാഹസ്വപ്നങ്ങള്‍ പങ്കുവച്ചിരുന്നു എന്നതാണ് കൌതുകം. എന്തായാലും സംവൃതയുടെ വിവാഹവാര്‍ത്ത പുറത്തുവന്നുതുടങ്ങിയതോടെ കൂടുതല്‍ വിവരങ്ങള്‍ക്കായി പാപ്പരാസികള്‍ വട്ടമിട്ട് പറക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ആരെയും അറിയിക്കാതെ പൃഥ്വിരാജ് വിവാഹം കഴിച്ചത് വലിയ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. അടുത്തിടെ നടി അനന്യയുടെ വിവാഹനിശ്ചയവും വിവാദമായി. ഈ സാഹചര്യത്തിലാണ് സംവൃത രഹസ്യവിവാഹത്തിന് തുനിഞ്ഞത് എന്നാണ് വിവരം.