അമിതാഭ് ബച്ചന്‍റെ സംവിധായകന്‍ പറയുന്നു, ‘എനിക്ക് സിനിമയിലേക്ക് വഴിതുറന്നുതന്നത് മോഹന്‍ലാല്‍’ !

Mohanlal, Amithabh Bachan, Farhan Akthar, Wazir, Bijoy Nambiar, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍, വസീര്‍, ബിജോയ് നമ്പ്യാര്‍
Last Modified ശനി, 23 ജനുവരി 2016 (21:32 IST)
അമിതാഭ് ബച്ചനെയും ഫര്‍ഹാന്‍ അക്‍തറെയും നായകന്‍‌മാരാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘വസീര്‍’ മികച്ച വിജയമാണ് നേടുന്നത്. ബോക്സോഫീസ് വിജയം നേടുന്നു എന്നതുമാത്രമല്ല, ഏറെ നിരൂപകപ്രശംസ നേടാനും ഈ ചിത്രത്തിന് കഴിഞ്ഞു. വസീറിന് തിരക്കഥയെഴുതിയത് പി കെയും ത്രീ ഇഡിയറ്റ്സുമൊക്കെ എഴുതിയ അഭിജാത് ജോഷിയാണ്. നിര്‍മ്മിച്ചത് ബോളിവുഡിലെ കൊമ്പന്‍‌മാരായ രാജ്കുമാര്‍ ഹിറാനിയും വിധു വിനോദ് ചോപ്രയും.

ശെയ്ത്താന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ സിനിമാസങ്കല്‍പ്പത്തിന്‍റെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതിയ സംവിധായകന്‍ കൂടിയാണ് ബിജോയ് നമ്പ്യാര്‍. മാത്രമല്ല, വിക്രം നായകനായ ഹിന്ദി - തമിഴ് ചിത്രം ‘ഡേവിഡ്’ സംവിധാനം ചെയ്തതും ബിജോയ് നമ്പ്യാരാണ്. ഇപ്പോല്‍ ബിജോയ് നമ്പ്യാര്‍ വെളിപ്പെടുത്തുന്നു, തന്‍റെ സിനിമാജീവിതത്തിന് വഴിത്താര തുറന്നുതന്നത് മലയാളത്തിന്‍റെ മഹാനടന്‍ സാക്ഷാല്‍ മോഹന്‍ലാലാണ് എന്ന്. ബിജോയ് നമ്പ്യാരുടെ ആദ്യ സംവിധാന സംരംഭമായ ഷോര്‍ട്ട് ഫിലിം റിഫ്ലക്ഷന്‍സിലെ നായകന്‍ മോഹന്‍ലാലായിരുന്നു.

“റിഫ്ലക്ഷന്‍സ് എന്ന ഷോര്‍ട്ട് ഫിലിമിനായി ഞാന്‍ കണ്‍സീവ് ചെയ്ത സ്‌ക്രിപ്ട് ആര്‍ക്ക് മുന്നിലും അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ എന്ന നടന്‍ എന്നെ അമ്പരപ്പിച്ചു കളഞ്ഞു. മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിം പോലും എടുത്തിട്ടില്ലാത്ത ഞാന്‍ ഒരു കഥയുമായി ആദ്യമായി സമീപിച്ചപ്പോള്‍ ശ്രദ്ധയോടെയും ക്ഷമയോടെയും അത് കേട്ടിരുന്നു. മറ്റാരുടെയും സഹായമില്ലാതെ അദ്ദേഹത്തിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഒരു അപ്പോയിന്‍മെന്റ് എടുത്ത് ചെന്ന് കാണുകയായിരുന്നു. ആദ്യ സംരംഭത്തില്‍ തന്നെ അദ്ദേഹത്തെ പോലെ ഒരു മഹാനടനെ അഭിനയിപ്പിക്കാനായത് വലിയ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. ആദ്യത്തെ സിനിമാനുഭവം എന്ന നിലയില്‍ എനിക്കുള്ള കുറവുകളെയും അനുഭവപരിചയമില്ലായ്മയെയും ഉള്‍ക്കൊണ്ട് അദ്ദേഹം കൂടെ നിന്നു. സ്‌നേഹവും പ്രോത്സാഹനവും പിന്തുണയും നല്‍കി. എനിക്ക് സിനിമയിലേക്ക് വഴിതുറന്ന് തന്നത് ആ ഷോര്‍ട്ട് ഫിലിം ആണ്. എന്റെ കരിയര്‍ തുടങ്ങുന്നത് അദ്ദേഹത്തില്‍ നിന്നാണ്. ലാല്‍ സാറാണ് അതിന് നിമിത്തമായത്. അതുകൊണ്ട് തന്നെ എല്ലാകാലത്തും എനിക്ക് ലാല്‍ സാറിനോട് കടപ്പാടുണ്ട്” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ ബിജോയ് നമ്പ്യാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :