‘അപ്പോൾ കാലു മാറരുത്’- പൃഥ്വിരാജിനെ ട്രോളി ഒമർ ലുലു !

Last Modified ചൊവ്വ, 21 മെയ് 2019 (16:15 IST)
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലൂസിഫറിലെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട പല വിവാദങ്ങളിളും ഉണ്ടായിരുന്നു. ഇതിനു പ്രതികരണവുമായി സംവിധായകനും നടനുമായ പൃഥ്വിരാജ് എത്തിയിരിക്കുകയാണ്.

സ്ത്രീവിരുദ്ധതയുള്ള ഡയലോഗ് താൻ ചെയ്യില്ലെന്ന് പൃഥ്വി പറഞ്ഞിരുന്നു. സ്ത്രീ പക്ഷ നിലപാടുകൾ തുറന്നു പറയുമ്പോഴും പൃഥ്വിയുടെ സ്ത്രീവിരുദ്ധതയാണ് ലൂസിഫറിലെ ഐറ്റം ഡാൻസിൽ പ്രകടമായതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ഇപ്പോഴിതാ, പൃഥ്വിയെ ട്രോളി സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരിക്കുകയാണ്.

‘ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത്‘- ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

ഡാന്‍സ് ബാറില്‍ ഐറ്റം ഡാൻസ് അല്ലാതെ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വി ചോദിച്ചിരുന്നു. “ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരം താഴ്ത്തുന്ന തരത്തില്‍ അവതരിപ്പിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ അതുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ അവിടെ ഓട്ടംതുള്ളല്‍ കാണിച്ചാല്‍ അരോചകമാകില്ലേ?”- പൃഥ്വിരാജ് ചോദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :