'ആയിരം പെരിയാര്‍ ജനിച്ചാലും നിങ്ങള്‍ മാറില്ല'; വെറുമൊരു ഹാസ്യനടന്‍ മാത്രമല്ല വിവേക്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 17 ഏപ്രില്‍ 2021 (10:26 IST)

തമിഴ് മക്കള്‍ക്ക് വെറുമൊരു ഹാസ്യതാരം മാത്രമല്ല അന്തരിച്ച നടന്‍ വിവേക്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും നിരന്തരം കലഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരണമെന്ന് ആത്മാര്‍ഥമായി വിവേക് ആഗ്രഹിച്ചിരുന്നു. സമൂഹത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ പലപ്പോഴായി അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്.

പെണ്‍ ശിശുഹത്യയെ നിശിതമായി എതിര്‍ത്ത വ്യക്തിയാണ് വിവേക്. ദക്ഷിണ തമിഴ്‌നാട്ടില്‍ പെണ്‍ ശിശുഹത്യ ഒരു ആചാരമായി തുടര്‍ന്നിരുന്ന പല സ്ഥലങ്ങളുമുണ്ട്. ഇതിനെയെല്ലാം വിവേക് എതിര്‍ത്തു. മതങ്ങള്‍ വളര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ക്കും അദ്ദേഹം എതിരായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായ വിവേക് ചിന്ന കലൈവനാര്‍ എന്നും വിളിക്കപ്പെട്ടിരുന്നു.

'ഇവിടെ ആയിരം പെരിയാര്‍ ജനിച്ചാലും, നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല,' എന്ന വിവേകിന്റെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. ജാതി അസമത്വങ്ങള്‍ക്കും മതവാദത്തിനുമെതിരെയായിരുന്നു വിവേക് നിലകൊണ്ടത്.

മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു വിവേക്. ഹരിത മുന്നേറ്റത്തിനു നേതൃത്വം നല്‍കാന്‍ വിവേകിനോട് കലാം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ അടക്കം ഏകോപിപ്പിച്ച് തമിഴ്‌നാട്ടില്‍ പലയിടത്തായി വൃക്ഷത്തൈകള്‍ നടാന്‍ വിവേക് മുന്നിട്ടിറങ്ങിയിരുന്നു. കലാമിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.


ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് വിവേകിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍വച്ച് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്നാണ് വിവേകിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സാമി, ശിവാജി, അന്യന്‍ തുടങ്ങി 200ലേറെ സിനിമകളില്‍ വിവേക് അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990കളില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :