രേണുക വേണു|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (20:36 IST)
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം തിയറ്ററുകളിലും ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ഒരേസമയം പ്രേക്ഷകരുടെ മനംനിറച്ച് മുന്നേറുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഈ ദിവസങ്ങളില്‍ ഹൃദയത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഹൃദയത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരപുത്രന് പ്രണവ് മോഹന്‍ലാലിനെ പ്രചാരണ പരിപാടികളിലെല്ലാം പ്രേക്ഷകരും ആരാധകരും മിസ് ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയാണ്? അതിനുള്ള ഉത്തരം ആരാധകര്‍ക്ക് ലഭിച്ചുകഴിഞ്ഞു.
സിനിമയുടെ വമ്പന്‍ വിജയത്തില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ആഹ്ലാദിക്കുമ്പോള്‍ ഇതിലൊന്നും പങ്കുചേരാതെ ഒരു യാത്രയിലാണ് പ്രണവ് മോഹന്‍ലാല്‍. ഹിമാചല്‍ പ്രദേശിലൂടെയുള്ള യാത്രയിലാണ് താരം. പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്‍സും ലാ-ചന്ദ്ര താല് റൂട്ടിലെ കാഴ്ചയും സ്പിതി താഴ്വരയിലേക്കും തിരിച്ചും വരുന്ന യാത്രികരുടെ ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബയുടെ ചിത്രവും പാര്‍വതി വാലിയിലെ മുധ് ഗ്രാമം എന്നിവയുടെ ചിത്രങ്ങളും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.