പ്രണവിനെ തകർത്തതോ? ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടോ? കളക്ഷന്‍ വളരെ മോശം

Last Modified തിങ്കള്‍, 18 ഫെബ്രുവരി 2019 (13:06 IST)
പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ബോക്സോഫീസ് വിധി എന്താണ്? ഏവര്‍ക്കും അറിയാന്‍ ആകാംക്ഷയുള്ള ചോദ്യമാണിത്. അത്ര മികച്ച ഒരു പെര്‍ഫോമന്‍സല്ല ഈ അരുണ്‍ ഗോപി ചിത്രം തിയേറ്ററുകളില്‍ കാഴ്ച വെച്ചത്. ഒടുവില്‍ സിനിമയുടെ ഫൈനല്‍ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

മികച്ച ഇനിഷ്യല്‍ പുള്‍ ഉണ്ടായിരുന്ന ഒരു പക്ഷേ ശരാശരി പ്രകടനമാണ് രണ്ടാമത്തെ ആഴ്ച മുതൽ കാഴ്ച വെച്ചത്. പ്രേക്ഷക പ്രതീക്ഷകളെ വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല. കേരളത്തില്‍ ബിഗ് റിലീസായി എത്തിയ സിനിമയ്ക്ക് 170 ഓളം തിയറ്ററുകളാണ് ലഭിച്ചത്. ഇതോടെ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തിയ റിപ്പോര്‍ട്ടുകളായിരുന്നു പിന്നീട് വന്നത്.

മികച്ച ഒരു പാക്കേജായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ഒരു സൂപ്പര്‍താര സിനിമയ്ക്ക് ആവശ്യമായ മുടക്കുമുതല്‍ ഈ പ്രൊജക്ടിന് മേല്‍ ചെലവഴിച്ചു. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള വമ്പന്‍‌മാര്‍ ചിത്രവുമായി സഹകരിച്ചു. എന്നാല്‍ ഇത്രയൊക്കെ തയ്യാറെടുപ്പുകളുമായി വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

സിനിമയ്‌ക്കെതിരെ വ്യാപകമായ ഡീഗ്രേഡിംഗ് നടന്നിരുന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ആദ്യദിവസം ലഭിച്ച നെഗറ്റീവ് റിവ്യൂ സിനിമയുടെ മുന്നോട്ടുള്ള യാത്രയെ സാരമായി ബാധിച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. കേരള ബോക്‌സോഫീസിലെ അടക്കം കളക്ഷന്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. വളാരെ മോശം കളക്ഷനാണ് നേടിയതെന്നാണ് സൂചന.

തിരക്കഥയാണ് ഈ സിനിമയുടെ വലിയ പ്രകടനത്തിന് കുഴപ്പമായത്. കെട്ടുറപ്പുള്ള തിരക്കഥയും നല്ല മുഹൂര്‍ത്തങ്ങളും മികച്ച സംഭാഷണങ്ങളും ഇല്ലാതെ പോയതാണ് സിനിമയെ ഒരു ശരാശരി പ്രകടനത്തിലേക്ക് ഒതുക്കിയത്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ അരുണ്‍ ഗോപിയിലെ സംവിധായകന് കഴിഞ്ഞെങ്കിലും തിരക്കഥാകൃത്തിന് ആയില്ല.

ക്ലൈമാക്സ് സീനുകളിലെ വി എഫ് എക്സിന്‍റെ നിലവാരമില്ലായ്‌മയും കല്ലുകടിയായി. ഇതിലൊക്കെയുപരിയായി പല കഥാപാത്രങ്ങളും വളരെ കൃത്രിമത്വം നിറഞ്ഞതായിരുന്നു. ഏത് കഥാപാത്രത്തെ ലഭിച്ചാലും ഒന്നാന്തരമാക്കാറുള്ള കലാഭവന്‍ ഷാജോണൊക്കെ ഒതുക്കപ്പെട്ടുപോയത് ആ കൃത്രിമത്വത്തിന്‍റെ കള്ളിയിലായിരുന്നു.

വിജയ് സൂപ്പറും പൌര്‍ണമിയും, മിഖായേല്‍ എന്നീ മലയാളം ചിത്രങ്ങളും പേട്ട, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങളും മികച്ച പ്രകടനങ്ങളുമായി തിയേറ്റര്‍ നിറഞ്ഞതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ബോക്‍സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.

മമ്മൂട്ടിയുടെ പേരന്‍‌പ് എത്തിയതും ജയറാമിന്‍റെ ലോനപ്പന്‍റെ മാമോദീസ, കുഞ്ചാക്കോ ബോബന്‍റെ അള്ള് രാമേന്ദ്രന്‍ എന്നീ സിനിമകളുടെ സാന്നിധ്യവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ലോംഗ് റണ്‍ പ്രതീക്ഷയെ പിന്നോട്ടടിച്ച കാരണങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :