ദളപതി ന്നാ സുമ്മാവാ? കൊള്ളേണ്ടിടത്ത് കൊണ്ടപ്പോൾ സർക്കാരിനു ‘പ്രതിയെ’ പിടിക്കാനായി; വിജയ്ക്ക് നന്ദി പറഞ്ഞ് ശുഭശ്രീയുടെ ബന്ധുക്കൾ

എസ് ഹർഷ| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (09:23 IST)
ചെന്നൈയിൽ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ശുഭശ്രീ രവി എന്ന യുവതിയുടെ മരണത്തിലെ പ്രതിയെ പിടിച്ച് പൊലീസ്. ഇവരുടെ മരണത്തിന് പ്രധാന കാരണമായി മാറിയ ഹോര്‍ഡിംഗ് സ്ഥാപിച്ച അണ്ണാഡിഎംകെ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ദളപതി വിജയുടെ പ്രസംഗത്തെ തുടർന്നാണ് അറസ്റ്റെന്നാണ് സൂചന. തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ശുഭശ്രീയുടെ മരണത്തിനിടയാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിജയ് സംസാരിച്ചിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ നടപടിയെ സ്വാധീനിച്ചെന്നാണ് സൂചന.

എഐഎഡിഎംകെയുടെ പ്രാദേശിക നേതാവായ ജയഗോപാലാണ് അറസ്റ്റിലായിരിക്കുന്നത്. കൃഷ്ണഗിരി ജില്ലയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇയാള്‍ അനധികൃതമായ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതിനായിട്ടാണ് ചെന്നൈയില്‍ നിന്ന് 320 കിലോ മീറ്റര്‍ അകലെയുള്ള കൃഷ്ണഗിരിയില്‍ എത്തിയതെന്ന് പോലീസ് കമ്മീഷണര്‍ എകെ വിശ്വനാഥന്‍ പറഞ്ഞു.

കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്ത് വിലസി നടക്കുകയാണെന്നും, ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിജയ് ആരോപിച്ചിരുന്നു. ജനങ്ങള്‍ കൃത്യമായ സ്ഥലത്ത് ഒരു നേതാവിനെ വെച്ചാല്‍ എല്ലാ കാര്യങ്ങളും തമിഴ്‌നാട്ടില്‍ തനിയെ ശരിയാവുമെന്നും വിജയ് പറഞ്ഞിരുന്നു. അതേസമയം വിജയ് പറഞ്ഞ വാക്കുകള്‍ ജനങ്ങളെ വല്ലാതെ സ്വാധീനിക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടതോടെയാണ് അറസ്റ്റ് എന്നാണ് സൂചന.

ഇയാള്‍ റോഡ് സൈഡില്‍ അനധികൃതമായി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിരുന്നു. ഇത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശുഭശ്രീയുടെ ദേഹത്ത് വീണതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇവരുടെ മരണത്തിന് കാരണമായത്. ഈ ഹോര്‍ഡിംഗ് കാരണം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ഇവര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും, പിന്നാലെ വന്ന വാട്ടര്‍ ടാങ്കര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :