രേണുക വേണു|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (10:23 IST)
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും വ്യാഴാഴ്ച വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. തിരുപ്പതിയില്‍ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രായോഗിക പ്രശ്‌നങ്ങളാല്‍ അത് സാധിച്ചില്ല.
ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തിന്റെ പ്രധാന ചടങ്ങുകളിലേക്ക് ക്ഷണമുള്ളത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്.
വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.