ഇതിലും നല്ല അവസരം ഇനി കിട്ടില്ല,മഞ്ഞുമ്മല്‍ ബോയ്‌സിനൊപ്പം ഗുണയും തിയറ്ററുകളില്‍ എത്തുമോ?
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (13:02 IST)
ഒരു സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ചെയ്യുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല.എന്നാല്‍ കമല്‍ഹാസന്റെ ഗുണ സിനിമയ്ക്കായി നിരന്തരം ആവശ്യം ഉയര്‍ത്തുകയും അതിനായി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് താരകമായതിന് പിന്നാലെ ഈ ആവശ്യം വീണ്ടും ഉയരുകയാണ്.
മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കാനുള്ള ഒരു കാരണങ്ങളില്‍ ഒന്നായി പറഞ്ഞു കേള്‍ക്കുന്നത് ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനത്തിന്റെ സാന്നിധ്യവും ആണെന്നാണ്.
നിലവില്‍ തമിഴില്‍ കാര്യമായ റിലീസുകള്‍ ഇല്ലാത്തതിനാല്‍ ഗുണ റീ റിലീസ് ഇതാണ് പറ്റിയ സമയമെന്നും, ഇതിലും വലിയ അവസരം വേറെ കിട്ടില്ലെന്ന് ആണ് ആരാധകര്‍ പറയുന്നത്. പുതിയ തലമുറയ്ക്ക് കമലഹാസന്റെ ചിത്രം തിയേറ്ററില്‍ ആസ്വദിക്കാനുള്ള അവസരം കൂടിയാകും ഇതൊന്നും പറയുന്നു.
1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസായാണ് ഗുണ തിയേറ്ററുകളില്‍ എത്തിയത്. സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ഒന്നും സിനിമ ഉണ്ടാക്കിയില്ല.മണിരത്നം സംവിധാനം ചെയ്ത രജനികാന്ത്-മമ്മൂട്ടി ചിത്രം ദളപതിയുമാണ് അന്ന് ഗുണ ഏറ്റുമുട്ടിയത്.