നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (12:40 IST)
നിരവധി നടിമാരെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. അവരിൽ ഒരാളാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം, ഷീല കേന്ദ്ര കഥാപാത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര അഭിനയത്തിലേക്ക് വന്നത്. മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്ത നയൻതാര പിന്നീട് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറി. ഇന്ന് സൗത്ത് ഇന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന നയൻതാരയെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ക്ലബ് എഫ് എമ്മിനോടായിരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ.
വളരെ ജെനുവിൻ ആയിട്ടുള്ള നടിയാണ് നയൻതാരയെന്ന് സത്യൻ അന്തിക്കാട് പറയുന്നു. യാതൊരു കളങ്കവുമില്ലാത്ത വ്യക്തിയാണെന്നും പുറമെ കാണുന്ന സ്റ്റാർദത്തിന്റെ വലുപ്പത്തിനപ്പുറം ഒരുപാട് നന്മകളുള്ള കുട്ടിയാണ് നയൻതാരയെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഓരോ സിനിമ ചെയ്യുന്നതിന് മുൻപും തന്നെ വിളിച്ച് അനുഗ്രഹം വാങ്ങുമായിരുന്നുവെന്നും ഒടുവിൽ എല്ലാ സിനിമയ്ക്കും കൂടെയുള്ള അനുഗ്രഹം താൻ ഒരുമിച്ച് കൊടുത്താണ് ആ രീതി നിർത്തിച്ചതെന്നുമാണ് സത്യൻ അന്തിക്കാട് പറയുന്നു.
'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ജെനുവിൻ ആയിട്ടുള്ള ആളാണ് നയൻതാര. ഒരു കളങ്കവുമില്ലാത്ത കുട്ടിയാണ് അവർ. പുറമെ കാണുന്ന സ്റ്റാർദത്തിനും അതിന്റെ വലുപ്പത്തിനുമപ്പുറം ഒരുപാട് നന്മകൾ നയൻതാരയ്ക്കുണ്ട്. ഓരോ സിനിമകൾ ചെയ്യുന്നതിന് മുൻപും എന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന സ്വഭാവം അവർക്കുണ്ടായിരുന്നു. അജിത്തിന്റെ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഒരുപാട് തവണ വിളിച്ചു. എനിക്ക് ഫോൺ എടുക്കാൻ പറ്റിയില്ല.
കുറച്ച് കഴിഞ്ഞ് ഞാൻ തിരിച്ച് വിളിച്ചു. 'സാർ ഞാൻ മേക്കപ്പ് ഒക്കെ ഇട്ട് ഷോട്ടിന് റെഡി ആയി ഇരിക്കുവാണ്. സാർ അനുഗ്രഹിച്ചാൽ ഷോട്ടിന് പോകാമെന്ന് കരുതി' എന്ന് നയൻതാര പറഞ്ഞു. അജിത്ത് അടക്കമുള്ള നടന്മാരും ക്രൂവും ഇവർക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരു ആയുഷ്കാലം മുഴുവനുമുള്ള അനുഗ്രഹം ഞാൻ ഇപ്പോൾ തരികയാണ്. എ.ടി.എമ്മിൽ നിന്നും പൈസ എടുക്കുന്നത് പോലെ ആവശ്യമുള്ളപ്പോൾ എടുത്തോളൂ എന്ന് പറഞ്ഞ് ഞാൻ ആ രീതി നിർത്തിച്ചു', എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.