ഗേളി ഇമ്മാനുവല്‍|
Last Modified ബുധന്‍, 24 ജൂണ്‍ 2020 (21:46 IST)
തമിഴകത്തിന്‍റെ ‘തല’ അജിത് അപ്രതീക്ഷിതമായ നീക്കങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്ന താരമാണ്. വലിയ ബജറ്റിലുള്ള ബ്രഹ്‌മാണ്ഡ സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്നിരിക്കെ ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചെറിയ ചിത്രം ചെയ്‌താണ് ഒടുവില്‍ അജിത് അമ്പരപ്പിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മറ്റൊരു പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്നതാണ് അത്. നിര്‍മ്മാതാവായ ബോണി കപൂര്‍ തന്‍റെ ഇനിയുള്ള എല്ലാ സിനിമകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രചരണമുണ്ടായിരുന്നു.
ഇത് കുറച്ചൊന്നുമല്ല അജിത് ആരാധകരെ വിഷമിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമായിരിക്കുന്നു. “ചില സിനിമകള്‍ തിയേറ്ററുകളില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്നവയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്‍റെ പുതിയ സിനിമകള്‍ തിയേറ്ററുകളില്‍, വലിയ സ്ക്രീനുകളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ത്രില്ലിലാണ്” എന്നാണ് ബോണി കപൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറാണ്. വലിമൈ കൂടാതെ, പവന്‍ കല്യാണിനെ നായകനാക്കി വക്കീല്‍ സാബ് എന്ന ചിത്രവും അജയ് ദേവ്‌ഗണ്‍ നായകനാകുന്ന മൈതാന്‍ എന്ന സിനിമയും ബോണി കപൂര്‍ നിര്‍മ്മിക്കുന്നുണ്ട്.