രേണുക വേണു|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (11:15 IST)
Swatantrya Veer Savarkar: വി.ഡി.സവര്‍ക്കറുടെ ജീവിതകഥ പറയുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ വന്‍ പരാജയത്തിലേക്ക്. കേരളത്തില്‍ മിക്കയിടത്തും ചിത്രത്തിന്റെ ഒരു ഷോ പോലും ഇല്ല. ബോക്‌സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയ അജണ്ടയും സിനിമ മോശമായതുമാണ് ബോക്‌സ്ഓഫീസിലെ തകര്‍ച്ചയ്ക്കു കാരണം. സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് സംവിധായകന്‍ രണ്‍ദീപ് ഹൂഡ തന്നെ തുറന്നുപറഞ്ഞു.
രണ്‍ദീപ് ഹൂഡയുടെ കന്നി സംവിധാന സംരഭമായ വീര്‍ സവര്‍ക്കര്‍ മാര്‍ച്ച് 22 നാണ് തിയറ്ററുകളിലെത്തിയത്. ഹൂഡ തന്നെയാണ് ചിത്രത്തില്‍ നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ഈ വേഷം ചെയ്യാന്‍ വേണ്ടി ഹൂഡ ശരീരഭാരം 60 കിലോയായി കുറച്ച് വലിയ വാര്‍ത്തയായിരുന്നു.
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്തു പത്താം ദിവസം വെറും 1.90 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ചിത്രത്തിനു ഇതുവരെ കളക്ട് ചെയ്യാന്‍ സാധിച്ചത് 15.85 കോടി മാത്രം. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും ചിത്രത്തിനു സാധിച്ചിട്ടില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ച ആളാണ് സവര്‍ക്കറെന്ന് സ്ഥാപിക്കാനാണ് ഹൂഡ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. ഹിന്ദി, മറാത്തി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.