സിബിഐ അഞ്ചാം ഭാഗത്തിന്റെ കഥ അഭിനേതാക്കള്‍ക്ക് പോലും അറിയില്ലെന്ന് സുദേവ് നായര്‍

രേണുക വേണു| Last Modified വ്യാഴം, 13 ജനുവരി 2022 (11:24 IST)

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളും പോലെ പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥയായിരിക്കും സിബിഐ അഞ്ചാം ഭാഗത്തിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സിബിഐ അഞ്ചാം പാര്‍ട്ടിന്റെ കഥയും ട്വിസ്റ്റുകളും സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് പോലും അറിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഥയും ട്വിസ്റ്റുകളും തിരക്കഥാകൃത്തും സംവിധായകനും പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയോട് മാത്രമാണ്. അതീവ രഹസ്യമായാണ് ഷൂട്ടിങ് നടക്കുന്നത് തന്നെ. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം ചിലരോട് മാത്രമേ സിനിമയുടെ കഥ വെളിപ്പെടുത്തിയിട്ടുള്ളൂ എന്നാണ് വിവരം.

അഞ്ചാം ഭാഗത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന നടന്‍ സുദേവ് നായര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചു. സിബിഐ അഞ്ചാം ഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് സുദേവ് നായര്‍ അഭിനയിക്കുന്നത്. താന്‍ ഉള്‍പ്പടെയുള്ള നടന്‍മാര്‍ക്ക് രംഗങ്ങള്‍ മാത്രമാണ് പറഞ്ഞു കൊടുക്കുന്നത് എന്നും അതിന് അനുസരിച്ച് അഭിനയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നലകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

'വളരെ രസകരമായ സെറ്റ് തന്നെയാണ്, എന്നാല്‍ കഥ എന്താണ് എന്നതിനെക്കുറിച്ച് അഭിനേതാക്കള്‍ക്ക് പോലും ഒരു സൂചനയും ഇല്ല. സീനുകളില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങളോട് പറയും, ഞങ്ങള്‍ അത് ചെയ്യും. ചില സമയങ്ങളില്‍, ശരിയുടെ പക്ഷത്താണെന്നും മറ്റ് ചില സമയങ്ങളില്‍, തെറ്റിന്റെ പക്ഷത്താണെന്നും തോന്നും!', സുദേവ് നായര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :