രേണുക വേണു|
Last Modified ശനി, 15 മാര്‍ച്ച് 2025 (15:28 IST)
Empuraan: എമ്പുരാനില്‍ നിന്ന് ലൈക്ക പ്രൊഡക്ഷന്‍സ് പിന്മാറി. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചത്. എന്നാല്‍ നിര്‍മാതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സ് ഈ പ്രൊജക്ട് പൂര്‍ണമായി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ലൈക്കയ്ക്കു പകരം ശ്രീ ഗോകുലം മൂവീസ് ആയിരിക്കും നിര്‍മാണ പങ്കാളിത്തം ഏറ്റെടുക്കുക.
പ്രീ ബിസിനസുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളാണ് ലൈക്ക പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ലൈക്കയുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ ആശിര്‍വാദ് സിനിമാസ് തയ്യാറാകാതെ വന്നതോടെ പ്രശ്‌നം സങ്കീര്‍ണമായി. എമ്പുരാനു വേണ്ടി ഇതുവരെ ചെലവഴിച്ച പണത്തിനൊപ്പം നഷ്ടപരിഹാരമായി 15 കോടിയോളം രൂപയും ലൈക്ക ആശിര്‍വാദ് സിനിമാസിനോടു ആവശ്യപ്പെട്ടതായാണ് വിവരം. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഗോകുലം മൂവീസിന്റെ സഹായം ആശിര്‍വാദ് സിനിമാസ് തേടിയിരിക്കുന്നത്.
സമീപകാലത്ത് ലൈക്ക ചെയ്ത സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. ലാല്‍ സലാം, ഇന്ത്യന്‍ 2, വിടാമുയര്‍ച്ചി, വേട്ടയ്യന്‍ എന്നീ സിനിമകള്‍ ബോക്‌സ്ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. ഈ സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് എമ്പുരാനില്‍ നിന്ന് ലൈക്ക പിന്മാറിയതെന്നാണ് വിവരം.
അതേസമയം ഗോകുലം മൂവീസ് എത്തിയത് എമ്പുരാന് ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രൊമോഷനില്‍ അടക്കം മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിര്‍മാണ കമ്പനിയാണ് ഗോകുലം മൂവീസ്. ലൈക്ക ഉള്ളപ്പോള്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ഗോകുലം മൂവീസിലൂടെ ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ആണ് എമ്പുരാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 27 നു ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാരിയര്‍, അഭിമന്യു സിങ്, ജെറോം ഫ്ളയ്ന്‍, കിഷോര്‍ കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഫാസില്‍, സായ്കുമാര്‍, ബൈജു സന്തോഷ് തുടങ്ങിയവരാണ് എമ്പുരാനില്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.