എഡിറ്റിങ് അറിയാത്തവര്‍ എഡിറ്റിങ് മോശമാണെന്ന് പറയുന്നു; നെഗറ്റീവ് റിവ്യൂസിനെതിരെ മോഹന്‍ലാലിന്റെ വിവാദ പ്രസ്താവന, ട്രോളി സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (14:33 IST)

സിനിമ നിരൂപണത്തിനെതിരെ വിവാദ പ്രസ്താവനയുമായി നടന്‍ മോഹന്‍ലാല്‍. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവര്‍ ഇവിടെ സിനിമകളെ വിമര്‍ശിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിറ്റിങ് അറിയാത്തവര്‍ സിനിമയുടെ എഡിറ്റിങ് മോശമാണെന്ന് പറയുന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരാണ് വിമര്‍ശനമുന്നയിക്കുന്നത്. സിനിമയെ കുറിച്ച് ഇവര്‍ക്ക് എന്തെങ്കിലുമൊക്കെ ധാരണ വേണ്ടേ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:

'ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്‌നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ. ഇവിടെ അങ്ങനെ ഉണ്ടോ എന്ന്...അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല,' മോഹന്‍ലാല്‍ പറഞ്ഞു

മോഹന്‍ലാലിന്റെ പ്രസ്താവനയെ ട്രോളി നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുമായി വേണോ സിനിമയെ വിമര്‍ശിക്കാന്‍ എന്നാണ് പലരുടേയും ചോദ്യം. ട്രോള്‍ ഗ്രൂപ്പുകളിലും മോഹന്‍ലാലിന്റെ വാക്കുകള്‍ക്കെതിരെ ട്രോളുകളുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :