നിഹാരിക കെ.എസ്|
Last Modified ശനി, 21 ഡിസംബര്‍ 2024 (14:10 IST)
ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ മാർക്കോ റിലീസിന് എത്തിയിരിക്കുകയാണ്. വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ മാർക്കോയ്ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണത്തിൽ സന്തോഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ആദ്യ ദിനം ഏകദേശം അഞ്ച് കോടിക്ക് മുകളിലാണ് സിനിമ നേടിയിരിക്കുന്നത്.
2019ൽ റിലീസ് ചെയ്ത നിവിൻ പോളി ചിത്രം മിഖായേലിലെ വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയറിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ആറ് വർഷം മുൻപ് വില്ലനായും ഇപ്പോൾ നായകനായും മാർക്കോയെ അവതരിപ്പിക്കാനായതിന്റെ സന്തോഷമാണ് താരം പങ്കുവച്ചത്. മിഖായേൽ പരാജയപ്പെട്ടപ്പോൾ, മാർക്കോ വമ്പൻ ഹിറ്റ് ആകുമെന്നാണ് റിപ്പോർട്ട്.
2018, ഡിസംബർ 21ന് മാർക്കോയെ ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. 2024, ഡിസംബർ 21ന് മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി.–ഉണ്ണി മുകുന്ദൻ കുറിച്ചു. മിഖായേൽ റിലീസ് സമയത്ത് പങ്കുവച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ടും മാർക്കോ റിലീസിനു പിന്നാലെയുള്ള തിയറ്റർ വിസിറ്റിന്റെ വിഡിയോയും പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.