രേണുക വേണു|
Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (12:04 IST)
മലയാള സിനിമയില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ബന്ധമാണ് സംവിധായകന് ലോഹിതദാസും നടി മീര ജാസ്മിനും തമ്മിലുള്ളത്. ഇരുവരുടേയും അടുപ്പം സിനിമ ഇന്ഡസ്ട്രിക്കുള്ളില് പല രീതിയില്‍ നിര്‍വചിക്കപ്പെട്ടു. ഇത് മീരയുടെ കരിയറിനേയും ബാധിച്ചു.
തങ്ങളുടെ കുടുംബ ജീവിതത്തില്‍ മീര ജാസ്മിന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തില്‍ വിലയിരുത്തുന്നു. മീര ജാസ്മിനും ലോഹിതദാസും തമ്മില്‍ പ്രണയത്തിലാണെന്ന് അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാലു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സത്യന് അന്തിക്കാട്. ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെണ്‍കുട്ടിയാണ് മീരാ ജാസ്മിന്. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നാല്‍ എന്തുണ്ടാകും? അവള് അത് വീട്ടുകാര്‍ക്ക് നല്‍കിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോണ്‍വിളികളും ചര്‍ച്ചകളും കൂടിവന്നപ്പോല്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് - സിന്ധു ലോഹിതദാസ് വ്യക്തമാക്കി.
അതേസമയം, ലോഹിതദാസുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകളോട് മീരയും അക്കാലത്ത് ശക്തമായി പ്രതികരിച്ചിരുന്നു.
ലോഹിതദാസ് വഴി സിനിമയിലെത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്ന് മീര പറഞ്ഞു. ലോഹി അങ്കിള്‍ എന്റെ ഗോഡ്ഫാദര് ആണെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. അദ്ദേഹം വഴി സിനിമയിലെത്താന്‍ സാധിച്ചത് എന്റെ യോഗമാണ്. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മീര പറഞ്ഞു. 'സിനിമയില്‍ അഭിനയിക്കുന്നവരും സംവിധായകരും അങ്ങനെ പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന്. നീയും നിന്റെയൊരു ലോഹി അങ്കിളും എന്ന് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന് പരിഹസിച്ച് ചോദിക്കുന്നവരോട് ഞാന്‍ അഭിമാനത്തോടെ പറയും ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ട്. ഷോ ഓഫ് എന്നൊക്കെ പറഞ്ഞ് ആ സമയത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ട്,' മീര ജാസ്മിന് പറഞ്ഞു.