രേണുക വേണു|
Last Modified ബുധന്‍, 17 നവംബര്‍ 2021 (12:36 IST)
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു സില്‍ക് സ്മിത. താരത്തിന്റെ മാദക വേഷങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, നിനച്ചിരിക്കാതെ സില്‍ക് തന്റെ ജീവിതം അവസാനിപ്പിച്ചു. 1996 സെപ്റ്റംബര്‍ 23 നാണ് സില്‍ക് ആത്മഹത്യ ചെയ്തത്. എന്തിനാണ് സില്‍ക് ആത്മഹത്യ ചെയ്തതെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ഇപ്പോഴിതാ നടിയുടെ ആത്മഹത്യ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തെലുങ്കില്‍ സ്മിത എഴുതിയ ആത്മഹത്യ കുറിപ്പ് 1996 ഒക്ടോബര്‍ ആറിന് വെള്ളിനക്ഷത്രം മാഗസിനില്‍ മലയാള വിവര്‍ത്തനം നടത്തിയിരുന്നു. അനു ചന്ദ്ര എന്ന യുവതിയാണ് ഈ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുറിപ്പ് വായിക്കാം
സില്‍ക്ക് സ്മിതയുടെ ആത്മഹത്യകുറിപ്പ് വായിച്ചിട്ടുണ്ടോ?????????
'ഒരു നടിയാവാന്‍ ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ.എന്നോട് ആരും സ്‌നേഹം കാണിച്ചില്ല. ബാബു (ഡോ.രാധാകൃഷ്ണന്‍) മാത്രമാണ് എന്നോട് അല്പം സ്‌നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തില്‍ എത്രയോ മോഹങ്ങള്‍ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല.
ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ എന്നെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നു. എല്ലാവര്‍ക്കും ഞാന്‍ നല്ലതേ ചെയ്തിട്ടുള്ളൂ.എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ? ദൈവമേ, ഇതെന്തൊരു ന്യായമാണ്? ഞാന്‍ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം.
ഞാന്‍ വളരെ ഇഷ്ടപ്പെട്ടു, പ്രേമിച്ചു, ആത്മാര്‍ത്ഥമായി തന്നെ. അയാള്‍ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എന്നാല്‍ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ശിക്ഷ കൊടുക്കും. അയാള്‍ എന്നോട് ചെയ്ത ദ്രോഹങ്ങള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവരവര്‍ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തില്‍ തന്നെ. എന്റെ പക്കല്‍ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങള്‍ തിരിച്ചു തന്നില്ല. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
ഈശ്വരന്‍ എന്നെ എന്തിന് സൃഷ്ടിച്ചു? രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാന്‍ അവര്‍ക്ക് എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേക്ക് അവര്‍ തള്ളിയിടുകയായിരുന്നു. എന്റെ ശരീരത്തെ ഉപയോഗിച്ചവര്‍ ധാരാളം. എന്റെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാര്‍ക്കും ഞാന്‍ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരാള്‍ എനിക്കൊരു ജീവിതം തരാമെന്നു പറഞ്ഞു. ഞാന്‍ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ? പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി.
ഇനിയെനിക്ക് പിടിച്ചു നില്‍ക്കാന്‍ വയ്യ. ഈ കത്തെഴുതാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു. ഞാന്‍ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങള്‍ പോലും എനിക്കില്ലാതായി. ഇനി അത് ആര്‍ക്കും ലഭിക്കാന്‍ പോകുന്നു? എനിക്കറിഞ്ഞുകൂടാ...'
(വെള്ളിനക്ഷത്രം മാഗസിന്‍ :1996 ഒക്ടോബര്‍ 6,സ്മിത തെലുങ്കില്‍ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവര്‍ത്തനം)
മനുഷ്യന് ജീവിക്കാന്‍ കഴിയാത്തത്/ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് നിരാശകള്‍ കൊണ്ട് കൂടിയാണ്.ജീവിതം മടുത്തിട്ടല്ല. ജീവിക്കാന്‍ കഴിയാത്തതിലുള്ള നിരാശകൊണ്ട്.എന്തെന്നാല്‍ നിരാശ എന്നാല്‍ അതൊരു സങ്കീര്‍ണപ്രതിഭാസമാണെന്നത് തന്നെ.
ഒരുപക്ഷേ,വായിക്കുമ്പോള്‍ ഒരുപക്ഷേ ഞാനും നിങ്ങളും നമ്മളും പ്രതിഫലിചേക്കാം..