രേണുക വേണു|
Last Updated:
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (08:52 IST)
Pepe, Tovino Thomas and Sheelu Abraham
നടന്‍മാരായ ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് (പെപ്പെ) എന്നിവര്‍ക്കെതിരെ നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. ഓണത്തിനു റിലീസ് ചെയ്യുന്ന തങ്ങളുടെ സിനിമകളെ പരസ്പരം പ്രോത്സാഹിപ്പിച്ച് മൂന്ന് പേരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതില്‍ നിന്ന് തന്റെ സിനിമ അടക്കമുള്ള മറ്റു ഓണചിത്രങ്ങളെ ഒഴിവാക്കിയതാണ് ഷീലുവിനെ ചൊടിപ്പിച്ചത്. 'പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു തന്നതിനു നന്ദി' എന്ന ആമുഖത്തോടെയാണ് ഷീലു സൂപ്പര്‍താരങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ടൊവിനോ നായകനാകുന്ന അജയന്റെ രണ്ടാം മോഷണം, ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം, പെപ്പെയുടെ കൊണ്ടല്‍ എന്നിവയാണ് ഓണത്തിനു റിലീസ് ചെയ്യുന്ന പ്രധാന സിനിമകള്‍. അതോടൊപ്പം ഷീലു എബ്രഹാം നിര്‍മിക്കുന്ന ഒമര്‍ ലുലു ചിത്രം 'ബാഡ് ബോയ്‌സ്', കുമ്മാട്ടിക്കളി, ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് തുടങ്ങിയ സിനിമകളും ഓണത്തിനു തിയറ്ററുകളിലെത്തുന്നുണ്ട്. ഈ സിനിമകളെ കുറിച്ച് സൂപ്പര്‍താരങ്ങളുടെ വീഡിയോയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മൂന്ന് പേരുടെയും വീഡിയോ കാണുമ്പോള്‍ അവരുടെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിനു എത്തുന്നതെന്ന് പ്രേക്ഷകര്‍ക്ക് തോന്നുമെന്നുമാണ് ഷീലു പറയുന്നത്.
ഷീലു എബ്രഹാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
പ്രിയപ്പെട്ട ടൊവിനോ, ആസിഫ് , പെപ്പെ, 'പവര്‍ ഗ്രൂപ്പുകള്‍'പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി ! നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വീഡിയോയില്‍ നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാല്‍ ഞങ്ങളുടെ 'BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും, GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങള്‍ നിര്‍ദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാര്‍ത്ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകര്‍ ..! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ. എല്ലാവര്‍ക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ.